
ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് കൂടുതൽ പണം സംഭാവനയായി നൽകുന്നത് വമ്പൻ ബിസിനസുകാരുടെ രീതിയാണ്. വെറുതെയല്ല ബിസിനസുകാർ സംഭാവന നൽകുന്നത്. അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിനും നികുതി ഇളവിനും മറ്റുമായി സഹായം തേടാൻ കൂടിയാണ് സംഭാവന നൽകുന്നത്. സ്വാഭാവികമായും വലിയ തുക നൽകുന്നവരെ സഹായിക്കാനുള്ള കടപ്പാട് ഭരണകക്ഷികൾക്കും ഉണ്ടാകും. ഇരുപതിനായിരം രൂപയിൽ അധികമുള്ള സംഭാവനകൾ രാഷ്ട്രീയ കക്ഷികൾ വെളിപ്പെടുത്തണമെന്നായിരുന്നു രാജ്യത്ത് 2018-നു മുമ്പുള്ള നിയമം. 2017-ലെ ബഡ്ജറ്റ് പ്രസംഗത്തിൽ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ബോണ്ട് സമ്പ്രദായം പ്രഖ്യാപിച്ചത്. 2018-ൽ ഇത് നടപ്പാക്കി. ഇതുപ്രകാരം വ്യക്തികൾക്കോ കമ്പനികൾക്കോ ഒരു പരിധിയുമില്ലാതെ എത്ര രൂപയുടെയും ബോണ്ടുകൾ ബാങ്കിൽ നിന്ന് വാങ്ങി രാഷ്ട്രീയകക്ഷികൾക്ക് നൽകാം. ഈ തുക നികുതിവിധേയവുമായിരിക്കില്ല!
കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഈ ബോണ്ട് സമ്പ്രദായത്തിന്റെ വിനിമയ ചുമതല എസ്.ബി.ഐയ്ക്കാണ്. 2017- 18 മുതൽ 2022 - 23 വരെ ബോണ്ട് മുഖേന രാഷ്ട്രീയ കക്ഷികൾക്ക് 16,518.11 കോടി രൂപ ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയുടെയും കണക്കുപ്രകാരം പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഭരണകക്ഷിയായ ബി.ജെ.പിക്കാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ഒട്ടേറെ വിവരങ്ങൾ മറച്ചുവയ്ക്കാൻ പറ്റുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ബോണ്ടുകൾക്ക് രൂപം നൽകിയിട്ടുള്ളത്. ഇത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അധാർമ്മികമാണെന്നും കണ്ട് തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി പണം സ്വീകരിക്കുന്നത് ഫെബ്രുവരി 15- ലെ വിധിയിലൂടെ സുപ്രീംകോടതി റദ്ദാക്കി. രാജ്യത്തെ ജനാധിപത്യവിശ്വാസികൾ പൊതുവെ സ്വാഗതം ചെയ്ത വിധിയാണിത്. കേന്ദ്ര സർക്കാരിന് തിരിച്ചടിയുമായിരുന്നു ഈ വിധി.
തിരഞ്ഞെടുപ്പു ബോണ്ടുകൾ റദ്ദാക്കിയ വിധി പറഞ്ഞ ദിവസം തന്നെ 2019 ഏപ്രിൽ 12 മുതൽ വിനിമയം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ പൂർണ വിവരം മാർച്ച് ആറിനകം തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിന് തയ്യാറാകാതെ സമയപരിധി തീരുന്നതിന് രണ്ടുദിവസം മുമ്പ് വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകയാണ് എസ്.ബി.ഐ ചെയ്തത്. ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്തുന്നത് പൊതു തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രത്തിന് എസ്.ബി.ഐ കൂട്ടുനിൽക്കുകയാണെന്ന ആരോപണം പ്രതിപക്ഷ കക്ഷികൾ ഉയർത്തുകയും ചെയ്തിരുന്നു. ബോണ്ടുകളുടെ രേഖകൾ നൽകാൻ ഒരു ദിവസത്തെ സാവകാശം മാത്രം മതിയെന്നിരിക്കെ എസ്.ബി.ഐ രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
എസ്.ബി.ഐയുടെ ഈ അപേക്ഷയിലെ ആവശ്യം സുപ്രീംകോടതി തള്ളിയതോടെ വെള്ളിയാഴ്ചയോടെ ഈ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലൂടെ പുറത്തുവരാൻ കളമൊരുങ്ങിയിരിക്കുകയാണ്. ഉത്തരവ് പാലിച്ചതായി എസ്.ബി.ഐ ചെയർമാൻ സത്യവാങ്മൂലം സമർപ്പിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും. സി.പി.എമ്മും മറ്റൊരു സംഘടനയും ബാങ്കിനെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
സംഭാവനാ വിവരങ്ങൾ പൊതുജനങ്ങൾ അറിയുന്നതിനെ രാഷ്ട്രീയ കക്ഷികൾ എന്തിനാണ് ഭയക്കുന്നത്? ജനാധിപത്യത്തിന്റെ നിലനിൽപ്പ് അതിന്റെ വിശ്വാസ്യതയിലാണ് കുടികൊള്ളുന്നത്. അതിനു വിരുദ്ധമായ ഏതു നിലപാടും ജനാധിപത്യത്തിന്റെ ശക്തി ചോർത്താനേ ഇടയാക്കൂ. ആ അർത്ഥത്തിൽ സുപ്രീംകോടതിയുടെ ഈ വിധി ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.