pozhiyoor

പാറശാല: അനുദിനം വർദ്ധിച്ചുവരുന്ന തീരശോഷണം കാരണം പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ഏതാണ്ട് വഴിമുട്ടിയ നിലയിലാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്ക് മുൻപ് തമിഴ്നാട് സർക്കാർ ആരംഭിച്ച അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിത തകർച്ചകൾക്കും യാതനകൾക്കും കാരണമായതെന്നാണ് ജനത്തിന്റെ പരാതി. എന്നാൽ ഇത്രയും പരാതികൾ ഉയർന്നിട്ടും തമിഴ്‌നാട് സർക്കാരിന്റെ അശാസ്ത്രീയ നടപടികൾ നിറുത്തിവയ്പ്പിക്കുന്നതിനോ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നതിനോ ബന്ധപ്പെട്ടവരിൽ നിന്ന് യാതൊരു നടപടികളും ഉണ്ടായില്ല. തമിഴ്‌നാട് അതിർത്തി പങ്കിടുന്ന പരുത്തിയൂരിൽ കടൽഭിത്തിക്ക് അപ്പുറത്തായി നൂറ് മീറ്ററോളം ഉണ്ടായിരുന്ന തീരം വെറും പതിനഞ്ച് മീറ്ററോളമായി കുറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ കയറ്റിവയ്ക്കാനോ വലകൾ ഉണക്കുന്നതിനോ വേണ്ടത്ര തീരം ഇല്ലാത്തതിനാൽ മറ്റ് മേഖലകളിലെ തീരത്താണ് വള്ളങ്ങൾ കയറ്റിവയ്ക്കുന്നത്.

 വാഗ്ദാനങ്ങൾ പാഴ്വാക്ക്

ഓഖി ദുരന്തത്തിന് ആശ്വാസമായി ഓഖി പാർക്ക് സ്ഥാപിച്ചെങ്കിലും വേലിയേറ്റങ്ങളിലെ ശക്തമായ തിരമാലകളെ ചെറുക്കാൻ കഴിയാതെ അത് തകർന്നു, മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും വലകളും നശിച്ചു. തീരവും വീടുകളും കടൽ കവർന്നു, ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിൽ സഹായ അഭ്യർത്ഥനയുമായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ലഭിച്ച വാഗ്ദാനങ്ങൾ എല്ലാം പാഴ്വാക്കായി. പ്രദേശത്തെ നാലായിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഒറ്റക്കെട്ടായി നിരവധി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവർ തീരദേശ സംരക്ഷണത്തിനായി യാതൊന്നും ചെയ്തില്ല. തുടർന്ന് ജീവിതം കരകയറ്റാൻ പലരും വിവിധ മേഖലകളിലേക്ക് പലായനം ചെയ്തു.

 തിരഞ്ഞെടുപ്പ് വിഷയമായി പൊഴിയൂർ

മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങക്ക് വേണ്ടത്ര പരിഗണന നൽകാത്തവർ ഇലക്ഷനോടെ തങ്ങളെ തേടി എത്തുമെന്ന വിശ്വാസത്തിലാണ് ഇവിടുത്തുകാർ. കോൺഗ്രസ് മത്സ്യത്തൊഴിലാളികളുടെ പക്ഷത്തു നിന്ന് പ്രതിഷേധം ശക്തമാക്കുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരും, കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരും പുതിയ വാഗ്ദാനങ്ങൾക്കൊപ്പം അടിയന്തര നടപടികളുമായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ പൊഴിയൂരിലെ തീരശോഷണത്തിനെതിരെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർക്കും മാത്രമേ തങ്ങളുടെ വോട്ട് നൽകൂ എന്ന വാശിയിലാണ് പൊഴിയൂരിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.