
തിരുവനന്തപുരം: ജാതിയുടെയും മതത്തിന്റെയും പേരിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ. പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിവരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പൗരത്വ ഭേദഗതി നിയമം വിജ്ഞാപനമായി ഇറക്കിയത് ഇലക്ഷൻ സ്റ്റണ്ടാണ്. വർഗീയ ധ്രൂവീകരണം ഉണ്ടാക്കി വോട്ടുപിടിക്കാനാണ് ശ്രമം. ജാതിമത വ്യവസ്ഥകൾക്ക് അപ്പുറം ഇന്ത്യയിൽ താമസിക്കുന്നവർക്ക് പൗരത്വം നൽകാനാണ് ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വിജ്ഞാപനം ഭിന്നതയും വിദ്വേഷവും ആളിക്കത്തിക്കും.
ഇത്തരത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെ യു.ഡി.എഫും കോൺഗ്രസും തോൽപ്പിക്കും. കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുതുമയുള്ളതല്ല. നിയമസഭയിൽ പ്രതിപക്ഷ പിന്തുണയോടെ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് എതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസുകൾ പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.