
ആറ്റിങ്ങൽ: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരമാവും. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ആറുവരിപ്പാതയുടെ ഭാഗമായി കല്ലമ്പലം ആഴാംകോണത്തു നിന്നുമാരംഭിച്ച് മാമം പതിനെട്ടാം മൈലിനു സമീപം വരെയാണ് ബൈപ്പാസ് നിർമ്മാണം. 11.150 കിലോമീറ്ററാണ് ബൈപ്പാസിന്റെ ദൂരം. ടാറിടൽ ഒഴികെയുള്ള ജോലികൾ അതിവേഗം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. മഴക്കാലത്തിന് മുമ്പായി പ്രധാന ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാണക്കമ്പനി. ബൈപ്പാസിന്റെ നിർമ്മാണജോലികൾ രാത്രിയും പകലുമായി പുരോഗമിക്കുകയാണ്. ബൈപ്പാസ് മുറിച്ച് കടന്നുപോകുന്ന സർവ്വീസ് റോഡുകൾക്കായി നിർമ്മിക്കേണ്ട അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങളും നടന്നുവരികയാണ്. വാമനപുരം ആറിനു കുറുകേ ആറ്റിങ്ങൽ തോട്ടവാരത്ത് കൂറ്റൻ പാലമാണ് ഉയരുന്നത്. ഇതിന്റെ തൂണുകളുടെ നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. മാമം തോടിനു കുറുകെയും പാലം നിർമ്മിക്കേണ്ടതുണ്ടെങ്കിലും നിർമ്മാണം ഒന്നുംതന്നെയും ആരംഭിച്ചിട്ടില്ല. രാമച്ചംവിളയിൽ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. മറ്റിടങ്ങളിൽ തോടുകൾക്ക് കുറുകെയുള്ള കലുങ്കുകളുടെ നിർമ്മാണങ്ങളും പുരോഗമിക്കുകയാണ്.
ബൈപ്പാസിന്റെ ദൂരം - 11.150 കിലോമീറ്റർ
ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത് - 2022 ജൂലായിൽ
നിർമ്മാണച്ചെലവ് - 795 കോടി
അണ്ടർ പാസേജുകൾ
ബൈപ്പാസ് കടന്നുപോകുന്ന കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ഭാഗത്ത് രണ്ട് അണ്ടർ പാസേജ് നിർമ്മിക്കാൻ ഇതിനോടകം തീരുമാനമായി. ക്ഷേത്ര ഭൂമിയൊഴികെയുള്ള ഭാഗത്താണിപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് തോട്ടവാരം, കൊല്ലമ്പുഴ, ഇടയാവണം, മാമം എന്നിവിടങ്ങളിൽ കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളക്കെട്ടിൽ സമീപത്തെ വീടുകൾ അപകടഭീഷണി നേരിട്ടിരുന്നു. ദേശീയപാതാ വിഭാഗവും റവന്യൂ അധികൃതരും നിർമ്മാണക്കമ്പനി അധികൃതരും ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് പരിഹാരം ഉറപ്പുനൽകി.
നിർമ്മാണം ഇങ്ങനെ
2022 ജൂലായിലാണ് ബൈപ്പാസ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണച്ചുമതല ആർ.ഡി.എസ് കമ്പനിക്കാണ്. 30 മാസമാണ് നിർമ്മാണ കാലാവധി. ചെലവ് 795 കോടിയും. നിലയിലെ ദേശീയ പാതയെക്കാൾ ബൈപ്പാസിന് പലയിടങ്ങളിലും ഏഴ് മീറ്റർ ഉയരം കാണുന്നുണ്ട്. സർവ്വീസ് റോഡുകളിൽ നിന്ന് പ്രധാന റോഡുകളിൽ കയറാൻ നിശ്ചിത സ്ഥലങ്ങളിൽ റോഡ് താഴ്ത്തുന്നു. എന്നാൽ പാത കടന്ന് പോകുന്ന ചിലയിടങ്ങളിൽ നിർദ്ദിഷ്ട 45 മീറ്റർ വീതി ഇനിയും ഉണ്ടായിട്ടില്ല. അതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.