
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ എൽ.ഡി.എഫിന് വിജയം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഇവിടെ സി.പി.ഐയുടെ പള്ളിയറ ശശിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡി.സി.സിയുടെ നിർദ്ദേശത്തെ തുടർന്നാണ് എൽ.ഡി.എഫിനെ കോൺഗ്രസ് പിന്തുണച്ചത്.
പള്ളിയറ ശശിക്ക് 12 വോട്ടും ബി.ജെ.പി പിന്തുണയോടെ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് ശ്രീജയ്‌ക്ക് എട്ട് വോട്ടും ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് പള്ളിയറ ശശിയുടെ പേര് സി.പി.ഐ അംഗം സുജിത നിർദ്ദേശിക്കുകയും സി.പി.എമ്മിലെ മനോജ് പിന്തുണയ്‌ക്കുകയുമായിരുന്നു. ശ്രീജയുടെ പേര് ബി.ജെ.പി അംഗം ഷൈനി നിർദ്ദേശിക്കുയും ലീലാമ്മ പിന്തുണയ്ക്കുകയും ചെയ്‌തു. ഒരു സ്വതന്ത്ര അംഗത്തിന്റെ വോട്ടും എൽ.ഡി.എഫിന് ലഭിച്ചു.
നേരത്തെ ബി.ജെ.പിയും കോൺഗ്രസും കൊണ്ടുവന്ന അവിശ്വാസത്തിലാണ് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ എ.ചന്ദ്രബാബു പുറത്തായത്. ഇന്നലെ രാവിലെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ പി.ഡബ്ളിയു.ഡി അസിസ്റ്റന്റ് എൻജിനിയർ എം.എസ്.അരവിന്ദ് റിട്ടേണിംഗ് ഓഫീസറായി. 20 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി 7,കോൺഗ്രസ് 5,സി.പി.എം 4,സി.പി.ഐ 2,സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരുടെ പിന്തുണയിലാണ് നേരത്തെ എൽ.ഡി.എഫ് ഭരിച്ചിരുന്നത്.
സ്വതന്ത്ര അംഗമായ ശ്രീജ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു കൊണ്ടുതന്നെ അവർ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്‌തു. ശ്രീജയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചു.