dmk

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ കോയമ്പത്തൂരിൽ ഡി.എം.കെ. മത്സരിക്കും. പകരം ദിണ്ടിഗൽ സീറ്റ് സി.പി.എമ്മിന്.കഴിഞ്ഞ തവണ സി.പി.എം വിജയിച്ച മധുര സീറ്റിൽ മാറ്റമില്ല. ഇവിടെ സിറ്റിംഗ് എം.പി. സു.വെങ്കിടേശ്വരൻ തന്നെ മത്സരിക്കാനാണ് സാദ്ധ്യത.ദിണ്ടിഗലിൽ കഴിഞ്ഞ തവണ വിജയിച്ചത് ഡി.എം.കെയാണ്.

സി.പി.ഐയുടെ സീറ്റീൽ ഇത്തവണയും മാറ്റമില്ല. നാഗപട്ടണം, തിരുപ്പൂർ മണ്ഡലങ്ങളിൽ സി.പി.ഐ മത്സരിക്കും. രണ്ട് പാർട്ടികളും ഡി.എം.കെ മുന്നണിയിലാണ്. കോയമ്പത്തൂർ സീറ്റ് വിട്ടുനൽകില്ലെന്ന് നേരത്തെ സി.പി.എം നിലപാട് എടുത്തിരുന്നു. എന്നാൽ ഡി.എം.കെ സമ്മർദം ശക്തമാക്കിയതോടെ സീറ്റ് വിട്ടുനൽകി. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കോയമ്പത്തൂർ. സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഇവിടെ നിന്നും മത്സരിക്കാനാണ് സാദ്ധ്യത. നിലവിൽ എം.എൽ.എയായ വാനതീ ശ്രീനിവാസന്റെ പേരും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ ഡി.എം.കെ സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സീറ്റ് എറ്രെടുത്തത്. അടുത്തിടെ മക്കൾ നീതി മയ്യത്തിൽ നിന്നും ഡി.എം.കെയിലെത്തിയ ഡോ. ആർ. മഹേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയേക്കും. കഴിഞ്ഞ തവണ എം.എൻ.എം സ്ഥാനാർത്ഥിയായി മത്സരിച്ച മഹേന്ദ്രൻ ബി.ജെ.പിക്കു പിന്നിൽ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.

കോയമ്പത്തൂരിലെ

ബി.ജെ.പി സ്വാധീനം

 1998, 1999 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ജയിച്ചു

 2014ൽ ഒറ്റയ്ക്കു മത്സരിച്ചപ്പോൾ രണ്ടാം സ്ഥാനം. ജയിച്ചത് അണ്ണാ ഡി.എം.കെ, മൂന്നാമത് ഡി.എം.കെ

 2019 ൽ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി പി.ആർ നടരാജൻ വിജയിച്ചു, രണ്ടാമത് ബി.ജെ.പി

 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യം കോയമ്പത്തൂരിലെ എല്ലാ മണ്ഡലങ്ങളിലും ജയിച്ചു