milma

തിരുവനന്തപുരം:ഐസ്‌ക്രീം, ശീതളപാനീയങ്ങൾ, ഹെൽത്ത് ഡ്രിങ്ക്സ് എന്നിവയുടെ ഉത്പാദനവും വിതരണവും വർദ്ധിപ്പിച്ച് മിൽമ കനത്ത വേനലിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നു. വേനൽ കണക്കിലെടുത്ത് മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകളും ഇവയുടെ ഉത്പാദനം വർധിപ്പിച്ചു.

കഴിഞ്ഞ വർഷം ആരംഭിച്ച റീപൊസിഷനിംഗ് മിൽമ പദ്ധതിയിലൂടെ പാലിനും വിവിധ മിൽമ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ ഏറിയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം പൂർണ്ണമായി നിറവേറ്റുന്നതിനായി വിപണനം ശക്തമാക്കി.

ചൂടിനെ പ്രതിരോധിക്കുന്ന തൈര്, മോര്, യോഗർട്ട്, ലസി, ചീസ് എന്നിവയുടെ ഉദ്പാദനം വർദ്ധിപ്പിക്കുകയും മിൽമ ഔട്ട്‌ലെറ്റുകളിലും ഏജൻസി സ്റ്റാളുകളിലും ഈ ഉൽപ്പന്നങ്ങളുടെ വിതരണം കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്. മിൽമയുടെ ഗുണനിലവാര നിയന്ത്രണ വിഭാഗം നിശ്ചയിച്ചിട്ടുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ഈ ഉത്പന്നങ്ങൾ ശുചിത്വമുള്ളതും ശരിയായി ശീതീകരിച്ചതുമായ ഷെൽഫുകളിൽ സൂക്ഷിക്കാൻ മിൽമ ഔട്ട്‌ലെറ്റുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

വിപുലമായ ഉത്പന്നങ്ങൾ

വാനില, സ്‌ട്രോബെറി, മാംഗോ, ഓറഞ്ച്, പൈനാപ്പിൾ എന്നിങ്ങനെ വിവിധ രുചികളിലുള്ള മിൽമ ഐസ്‌ക്രീം കുൽഫി, ബോൾ, കോൺ, നാച്ചുറൽസ് തുടങ്ങിയ വകഭേദങ്ങളിൽ ലഭ്യമാണ്. ബട്ടർ സ്‌കോച്ച്, സ്പാനിഷ് ഡിലൈറ്റ്, ഫിഗ് ആൻഡ് ഹണി, ക്രഞ്ചി ബദാം, പിസ്ത, ചോക്ലേറ്റ് എന്നിവയാണ് മിൽമയുടെ മുൻനിര ഇനങ്ങളിൽ ഉൾപ്പെടുന്നത്. ചക്ക, ബ്ലൂബെറി, ചിക്കൂ, കരിക്ക്, പാഷൻ ഫ്രൂട്ട്, ഫ്രൂട്ട് ആൻഡ് നട്ട്, സ്പിൻ ആൻഡ് പൈൻ, പേരയ്ക്ക തുടങ്ങിയ ഫ്‌ളേവറുകളും ജനപ്രിയമാണ്.
ഇഞ്ചി ചേർത്ത കട്ടിമോര്, മാങ്ങ, പൈനാപ്പിൾ, വാനില എന്നീ ഫ്‌ളേവറുകളിലുള്ള ലസി എന്നിവയും ദാഹം ശമിപ്പിക്കാനുള്ള മിൽമയുടെ ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു.