
തിരുവനന്തപുരം: കൂടുതൽ വായ്പ കിട്ടാനല്ല, കേന്ദ്ര വിവേചനത്തിനെതിരെയാണ് സുപ്രീംകോടതിയിൽ കേസ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താലേഖകരോട് പറഞ്ഞു. കേരളം ഉന്നയിക്കുന്ന കാര്യത്തിൽ വസ്തുതയുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായി. അത് സന്തോഷമുള്ള കാര്യമാണ്. അക്കാര്യം ഇനിയും മനസിലാകാത്തത് കേരളത്തിലെ പ്രതിപക്ഷത്തിന് മാത്രമാണ്.
ദേശീയതലത്തിൽ നികുതി പങ്കുവയ്ക്കുമ്പോൾ കേരളത്തിന് 3.8 ശതമാനം കിട്ടിയിരുന്നത് 1.9 ശതമാനമായി കുറച്ചു. വർഷത്തിൽ 42000 കോടി രൂപ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം കേവലം 18000 കോടിയും നടപ്പ് വർഷം 21000കോടിയുമാണ് കിട്ടിയത്. കേന്ദ്രപദ്ധതികളുടെ ഗ്രാൻഡ് ഇനത്തിൽ 30000 കോടിയോളം രൂപ കിട്ടിക്കൊണ്ടിരുന്നത് നടപ്പ് വർഷം 11000 കോടിയായി കുറഞ്ഞു. ഈ വിവേചനം ഒഴിവാക്കിയാൽ തന്നെ കേരളം സാമ്പത്തികമായി രക്ഷപ്പെടും.
ഇതുകൊണ്ടാണ് കേരളത്തിന് കടമെടുക്കേണ്ടിവരുന്നത്. ആ കടവും എടുക്കാൻ സമ്മതിക്കില്ലെന്ന് വന്നപ്പോഴാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രധാനമന്ത്രി രാജ്യത്ത് ഉദ്ഘാടനം ചെയ്തത് 18 ലക്ഷം കോടിയുടെ പദ്ധതികളാണ്. ഇതിൽ 10 ലക്ഷം കോടിയും ഒരു സംസ്ഥാനത്താണ്. ഇത് വിവേചനമാണെന്നും ബാലഗോപാൽ പറഞ്ഞു.