തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ തലസ്ഥാനത്ത് ഇടതുമുന്നണിയുടേതടക്കം പ്രതിഷേധങ്ങൾ അരങ്ങേറി.എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഏജീസ് ഓഫീസിലേക്ക് നടന്ന മാർച്ച് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടന്ന മാർച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ സത്യൻ മൊകേരി, സി.ജയൻബാബു, എം.വിജയകുമാർ, മാങ്കോട് രാധാകൃഷ്ണൻ, ഡോ. എ.നീലലോഹിതദാസ്, അഡ്വ.എസ്. ഫിറോസ് ലാൽ, ജമീലാപ്രകാശം, ജെ .സഹായദാസ്, തമ്പാനൂർ രാജീവ്, തോമസ് ഫെർണാണ്ടസ്, എസ്.എം.ബഷീർ തുടങ്ങിയവർ സംസാരിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് വി.ആർ.പ്രതാപൻ പറഞ്ഞു.എസ്.എൻ.പുരം ജലാൽ അദ്ധ്യക്ഷനായി. ആന്റണി ആൽബർട്ട്, പുത്തൻപള്ളി നിസാർ, എം.എസ്. താജുദ്ദീൻ, പി.ബിജു, കെ.എം.അബ്ദുൽ സലാം, പത്താംകല്ല് സുഭാഷ്, പ്രഭാ പാറശ്ശാല, സുജപ്രിയ, എരണിയൽ ശശി എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന ഭരണഘടനാവിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് വി.ടി.ബൽറാം പറഞ്ഞു. ജില്ലാപ്രസിഡന്റ് നേമം ഷജീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് കാട്ടാക്കട, സുബിജ, സംസ്ഥാന സെക്രട്ടറിമാരായ അമി തിലക്, രജിത് രവീന്ദ്രൻ, അഫ്സൽ ബാലരാമപുരം, ആർ.എസ്.വിപിൻ, സി.എസ്.അരുൺ, ജില്ലാ വൈസ് പ്രസിഡന്റ് റിങ്കു പഠിപ്പുരയിൽ, ബാലരാമപുരം സുൽഫി, ജില്ലാ സെക്രട്ടറിമാരായ സജിൻ വെള്ളൂക്കോണം, ഷിനു നെടുമങ്ങാട്, ബാഹുൽ കൃഷ്ണ, രേഷ്മ, മുനീർ ബാലരാമപുരം, ദീനമോൾ, അജീഷ് നാഥ്, അസംബ്ലി പ്രസിഡന്റുമാരായ സുരേഷ് സേവിയർ, രഞ്ജിത് അമ്പലമുക്ക്, ഡാനിയൽ പാപ്പനം, വിനീത് നെയ്യാറ്റിൻകര തുടങ്ങിയവർ നേതൃത്വം നൽകി.