ബാലരാമപുരം: ആദ്യഘട്ടപ്രചാരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കൺവെൻഷനുകളും പാർട്ടിനേതൃയോഗങ്ങളും ഇന്ന് ചേരും. മതമേലദ്ധ്യക്ഷൻമാരെയും വിവിധ സംഘടനയുടെ ജില്ലാനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് സ്ഥാനാർത്ഥികൾ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. എല്ലാ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥന നടത്താനാണ് ബി.ജെ.പി പദ്ധതി. ഒരാഴ്ച്ചയായി മണ്ഡലത്തിൽ സജീവമാണ് ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖർ. സാധാരണക്കാരുടെ ഇടയിലേക്ക് ചെന്നാണ് എൽ.ഡി.എഫിന്റെ പന്ന്യൻ രവീന്ദ്രന്റെ പ്രവർത്തനം. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുമായി ആദ്യഘട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തിയാണ് യു.ഡി.എഫിന്റെ ശശിതരൂർ സജീവമാകുന്നത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേതൃയോഗം ഇന്ന് വൈകുന്നേരം 5 ന് കാഞ്ഞിരംകുളത്ത് നടക്കും. ബി.എൽ.ഒ, ബൂത്ത് പ്രസിഡന്റുമാർ, കെ.പി.സി.സി ഭാരവാഹികൾ, മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, മെമ്പർമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, മഹിളാ കോൺഗ്രസ് ജില്ലാ മേഖലാ ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ജില്ലാ-പ്രാദേശിക നേതാക്കൾ, യൂത്ത് ലീഗ് ഭാരവാഹികൾ,ഘടകകക്ഷി നേതാക്കൾ, പോഷകസംഘടന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൽ.ഡി.എഫ് കോവളം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകുന്നേരം 4.30 ന് പെട്രോൾ പമ്പിന് സമീപം വിഴിഞ്ഞത്ത് ചേരും. എം.എൽ.എ ആന്റണി രാജു ഉദ്ഘാടനം ചെയ്യും. എം.വിജയകുമാർ, വി.ശിവൻകുട്ടി, അഡ്വ.ജി.ആർ. അനിൽ, ഡോ.എ.നീലലോഹിതദാസ്, കടകംപള്ളി സുരേന്ദ്രൻ, ഡോ.റ്റി.എൻ. സീമ, സി.ജയൻബാബു, മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, കെ.എസ്. അരുൺ, സഹായദാസ്, കരുംകുളം വിജയകുമാർ, പൂജപ്പുര രാധാകൃഷ്ണൻ, സഫറുള്ളഖാൻ, കോവളം അജികുമാർ, പാളയം രാജൻ, തമ്പാനൂർ രാജീവ് എന്നിവർ പങ്കെടുക്കും.എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പാറശാല നിയോജക മണ്ഡലത്തിൽ ഇന്നലെ സന്ദർശനം നടത്തി. പാറശാലയിൽ നടന്ന റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.