photo

നെടുമങ്ങാട് : അറബിക്കടലിൽ പദമൂന്നി അഗസ്ത്യമലയിൽ ശിരസ് വച്ചുറങ്ങുന്ന ആറ്റിങ്ങൽ മണ്ഡലത്തെ ഉണർത്താൻ സ്ഥാനാർത്ഥികൾ ഉശിരോടെ രംഗത്ത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് എം.പിയും ഇന്നലെ റോഡ് ഷോ ആരംഭിച്ചത് കായലും കടലും പുണരുന്നചിറയിൻകീഴിൽ നിന്ന്. നൂറുകണക്കിന് പ്രവർത്തകർ ആവേശത്തോടെ സ്ഥാനാർത്ഥികളെ ആനയിച്ചു. വി.ജോയിക്ക് ആശാൻ സ്മാരകത്തിൽ ലഭിച്ചത് ഊഷ്മള വരവേൽപ്പ്. സായിഗ്രാമം സന്ദർശിച്ച അടൂർ പ്രകാശിനും ഹൃദ്യമായ സ്വീകരണം.എൽ.ഡി.എഫ് ചിറയിൻകീഴ്,കാട്ടാക്കട മണ്ഡലം കൺവെൻഷനുകളിൽ നൂറുകണക്കിന് യുവാക്കൾ മുദ്രാവാക്യം വിളികളുമായി വി.ജോയിയെ ആവേശപൂർവം എതിരേറ്റു. മന്ത്രി ജി.ആർ. അനിൽ കൺവെൻഷനുകൾ ഉദ്‌ഘാടനം ചെയ്തു.ചിറയിൻകീഴിൽ എൽ.ഡി.എഫ് നേതാക്കളായ വി.ശശി, ആർ.സുഭാഷ്, ശൈലജാബീഗം തുടങ്ങിയവർ അനുഗമിച്ചു. മലയിൻകീഴ് ബാങ്ക് ഒാഡിറ്റോറിയത്തിൽ നടന്ന കാട്ടാക്കട മണ്ഡലം കൺവെൻഷനിൽ ആർ.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എം.നായർ,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,ഐ.ബി.സതീഷ്,ഡി.കെ.മുരളി,സി.പി.ഐ. നേതാവ് വി.പി.ഉണ്ണികൃഷ്ണൻ,പുത്തൻകട വിജയൻ,വിളപ്പിൽ രാധാകൃഷ്ണൻ, എം.എം.ബഷീർ, മേപ്പൂക്കട മധു എന്നിവർ പങ്കെടുത്തു. ഇന്ന് വർക്കലയിലും നാളെ നെടുമങ്ങാട്ടും പര്യടനം നടത്തും.

ഉച്ചവെയിലിൽ മങ്ങാതെ

ഉച്ചവെയിലിന്റെ കാഠിന്യം വകഞ്ഞുമാറ്റി വെഞ്ഞാറമൂട് ടൗണിലും അടൂർ പ്രകാശ് റോഡ് ഷോ നടത്തി. എൻ.കെ ആനന്ദ്,നൗഷാദ്, ജയന്തികൃഷ്ണ എന്നിവർ അനുഗമിച്ചു. ഇരു സ്ഥാനാർത്ഥികളും വൈകിട്ട് അഗസ്ത്യന്റെ മണ്ണിലേക്ക്. മലയിൻകീഴിൽ നടന്ന എൽ.ഡി.എഫ് കാട്ടാക്കട മണ്ഡലം കൺവെൻഷനിലും നെടുമങ്ങാട് ഓട്ടം മഹോത്സവത്തിലും വി.ജോയ് ഓടിയെത്തിയപ്പോൾ അടൂർ പ്രകാശ് ആര്യനാട് ജംഗ്‌ഷനിൽ ഗുരുദേവന്റെയും ഗാന്ധിജിയുടെയും പ്രതിമകളിൽ പുഷ്പ്പാർച്ചന നടത്തി റോഡ് ഷോയ്ക്ക് തുടക്കം കുറിച്ചു. കുറ്റിച്ചൽ,കാട്ടാക്കട മേഖലകളിലും റോഡ് ഷോയെത്തി. കെ.എസ്.ശബരീനാഥൻ, എൻ.ജയമോഹൻ,അഡ്വ.ഉവൈസ്‌ഖാൻ,മലയിൻകീഴ് വേണുഗോപാൽ, വണ്ടന്നൂർ സന്തോഷ്,സുബ്രഹ്മണ്യപിള്ള, ടി.വേണു തുടങ്ങിയവർ അനുഗമിച്ചു. മഹിളാ, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ന് കരകുളത്തും പ്ലാത്തറയിലും എം.പിയുടെ ഔദ്യോഗിക പരിപാടികളുണ്ട്. ഉച്ചയ്ക്ക് ചേർത്തലയിൽ കെ.സി.വേണുഗോപാലിന്റെ കൺവെൻഷൻ ഉദ്‌ഘാടനത്തിന് പോകും.

പറന്നെത്തി, പ്രഭാതഭക്ഷണം പ്രവർത്തകർക്കൊപ്പം

തിങ്കളാഴ്ച ഉച്ചയ്ക്ക് ഡൽഹിക്കു പോയ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്നലെ പുലർച്ചയോടെ മണ്ഡലത്തിൽ പറന്നെത്തി. വിശ്രമം മാറ്റിവച്ച്,തെങ്കാശിയിൽ ബി.ജെ.പി പ്രവർത്തക യോഗത്തിലേക്ക് പാഞ്ഞു.യാത്രക്കിടയിൽ നന്ദിയോട് ജംഗ്‌ഷനിൽ ബൂത്ത്,പഞ്ചായത്തുതല പ്രവർത്തകർക്ക് ഒപ്പം പ്രഭാതഭക്ഷണം. മഹിളാ മോർച്ച ദേശീയ നിർവാഹക സമിതി അംഗം ബിന്ദു സുരേഷ്,ബി.ജെ.പി ഏരിയാ പ്രസിഡന്റ് സുരേഷ്, വാർഡ് മെമ്പർ നന്ദിയോട് എസ്.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ആർ.ചന്ദ്രൻ,നന്ദിയോട് സതീശൻ,പാലോട് മണ്ഡലം പ്രസിഡന്റ് എസ്.മുകേഷ്,വൈസ് പ്രസിഡന്റ് പ്ലാമൂട് അജി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എസ്.സുമിത്, ഏരിയ ജനറൽ സെക്രട്ടറി വിഷ്ണു പ്രസന്നൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വൈകിട്ട് കടയ്ക്കാവൂർ റെയിൽവേ സ്റ്റോപ്പ് അനുവദിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. ഇന്ന് മണ്ഡലത്തിൽ സജീവമാകും.