aa

അമരാവതി: ലോക്‌സഭയ്ക്കൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു കൂടി നടക്കുന്ന ആന്ധ്രപ്രദേശിൽ എൻ.ഡി.എയിൽ സീറ്റ് ധാരണയായി. ബി.ജെ.പി ആറ് ലോക്സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരിക്കുക. ടി.ഡി.പി 17 ലോക്‌സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. പവൻ കല്ല്യാൻ നേതൃത്വം നൽകുന്ന ജനസേന രണ്ട് ലോക്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കും. ആകെ 25 ലോക്‌സഭാ സീറ്റുകളും175 നിയമസഭാ സീറ്റുകളുമാണുള്ളത്.

കേന്ദ്രമന്ത്രി ഗജേന്ദ്ര സിമഗി ശെഖാവത്ത് അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും പവൻ കല്ല്യാണുമായും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. മാർച്ച് ഒമ്പതിനായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സീറ്റ് സംബന്ധിച്ച് ധാരണയായതോടെ മൂന്ന് പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പായും 2024 ലേത് മാറും. 2014 ൽ ടി.ഡി.പിയും ബി.ജെ.പിയും ഒരുമിച്ച് മത്സരിച്ചപ്പോൾ ജനസേന പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.

എൻ.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018ലാണ് മുന്നണിവിട്ടത്.