പൂവാർ: വഴി നിർമ്മിക്കാൻ ഇടിച്ചിട്ട അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ കെട്ടാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ തടഞ്ഞ് വാർഡ് അംഗം. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ ശ്രീനാരായണപുരം വാർഡിൽ കുഴിവിളകോണം കോളനിയിലെ 62-ാം നമ്പർ അങ്കണവാടിയുടെ മതിൽ കെട്ടാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ,എ.ഇ സുചിത്ര എന്നിവരുൾപ്പെട്ട സംഘത്തെയാണ് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ തടഞ്ഞത്.
സംഘർഷസാദ്ധ്യത കണക്കിലെടുത്ത് കാഞ്ഞിരംകുളം സി.ഐ ജിജിൻ ജി.ചാക്കോയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. 2023 ഏപ്രിലിൽ അങ്കണവാടിയുടെ മെയിന്റനൻസ് വർക്കിനുവേണ്ടി ഒരുലക്ഷം രൂപയുടെ പ്രോജക്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ 20ന് അപകടാവസ്ഥയിലായ അങ്കണവാടി കെട്ടിടത്തിന്റെ മതിൽ പൊളിച്ച് പുനഃനിർമ്മാണം ആരംഭിച്ചു.
എന്നാൽ മതിൽ ഇടിച്ച് വഴിയൊരുക്കാൻ നീക്കം നടക്കുന്നതായി പരാതി ലഭിച്ചതോടെ എ.ഇ ഇടപെട്ട് പണി നിറുത്തിവച്ചു. പൊളിച്ചുമാറ്റിയ മതിൽ കെട്ടാൻ ഇന്നലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വഴി പ്രശ്നം ഉന്നയിച്ച് വാർഡ് മെമ്പർ മണികണ്ഠന്റെ നേതൃത്വത്തിൽ തടസം സൃഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് മതിൽ കെട്ടാനാകാതെ ഉദ്യോഗസ്ഥർ മടങ്ങി. കിണറിലെ വെള്ളമെടുക്കാനാണ് വഴിയെന്നാണ് പറയുന്നത്. എന്നാൽ പഞ്ചായത്ത് കിണർ ഇപ്പോൾ ഉപയോഗശൂന്യമാണ്. കഴിഞ്ഞ 10 വർഷമായി ആരും ഉപയോഗിക്കുന്നില്ല. മാത്രമല്ല ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലും പൈപ്പ് കണക്ഷൻ നൽകിയിട്ടുമുണ്ട്.
അങ്കണവാടിയുടെ പിറകുവശത്തെ വീടുകളിലേക്ക് എത്താൻ സുരക്ഷിതമായ വഴി വേറെയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബലാത്കാരമായി അങ്കണവാടിയുടെ ചുറ്റുമതിൽ തകർത്തവർക്കെതിരെ കേസെടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.