പോത്തൻകോട്: കഴക്കൂട്ടം ജംഗ്ഷനിൽ ബസ് കാത്തുനിന്ന മൂന്ന് യാത്രക്കാരെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റ ശങ്കർ(65),മഹിമ (37),ജിഷ എസ്.കുമാർ( 35) എന്നിവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇന്നലെ വൈകിട്ട് 6ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.ഏറെ തിരക്കുള്ള കഴക്കൂട്ടം ജംഗ്ഷനിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കൂട്ടമായെത്തിയ നായ്ക്കളിൽ ഒരെണ്ണമാണ് യാത്രക്കാരെ ആക്രമിച്ചത്.
പ്രദേശത്ത് നായ ശല്യം രൂക്ഷം
ഇടയ്ക്ക് നഗരസഭയിൽ നിന്ന് ഹെൽത്ത് വിഭാഗം വാഹനങ്ങളിലെത്തി അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി കൊണ്ടുപോയി വന്ധ്യംകരണം നടത്തി തിരികെ കൊണ്ടു വിടും.എന്നാൽ കഴക്കൂട്ടത്തു നിന്ന് ഓരോ തവണയും പിടികൂടി കൊണ്ടുപോകുന്നതിന്റെ ഇരട്ടി നായ്ക്കളെയാണ് ജീവനക്കാർ തിരികെ കൊണ്ടു വിടുന്നതെന്നാണ് നാട്ടുകാരുടെ പരാതി.ഇതിന് മുൻപും പലതവണ ഈ ഭാഗത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടുത്തകാലത്ത് കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യപികയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു.