
ഡി.ആർ.ഡി.ഒ അഗ്നി മിഷൻ ഡയറക്ടർ
തിരുവനന്തപുരത്തുകാരി, പഠനം സി.ഇ.ടിയിൽ
തിരുവനന്തപുരം: ഇന്ത്യയുടെ 'ദിവ്യാസ്ത്രം' അഗ്നി 5 ബാലിസ്റ്റിക് മിസൈൽ വിജയിപ്പിച്ച് രാജ്യത്തിന്റെ യശസുയർത്തിയതിന് ചുക്കാൻ പിടിച്ചത് ഒരു മലയാളി വനിത. തിരുവനന്തപുരത്തുകാരി ഷീനാറാണി. ഡി.ആർ.ഡി.ഒ മിഷൻ ഡയറക്ടർ. മിസൈൽ പരീക്ഷണവിജയം രാജ്യത്തെ അറിയിച്ച പ്രധാനമന്ത്രി ഷീനയെ വിശേഷിപ്പിച്ചത് ദിവ്യപുത്രിയെന്ന്.
തുമ്പ വി.എസ്.എസ്.സിയിൽ 1998വരെ ജോലി ചെയ്ത ഷീനാറാണി എട്ടു വർഷം അവിടെ റോക്കറ്റ് നിർമ്മാണ പദ്ധതികളിൽ പങ്കാളിയായിരുന്നു. തിരുവനന്തപുരം ഗവ.എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് റാങ്കോടെ പാസായ ശേഷമാണ് വി.എസ്.എസ്.സിയിൽ ചേർന്നത്.
ഇവിടെ വച്ച് ഇന്ത്യയുടെ മിസൈൽ മാൻ സാക്ഷാൽ അബ്ദുൾ കലാമുമായി പരിചയപ്പെട്ടതാണ് ഷീനയെ മിസൈൽ ടെക്നോളജിയിലേക്ക് നയിച്ചത്. കലാമിന്റെ ഉപദേശപ്രകാരം 1999ൽ ഐ.എസ്.ആർ.ഒയിൽ നിന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) ചേർന്നു.
ഡി.ആർ.ഡി.ഒയുടെ ഭാഗമായ ഹൈദരാബാദ് മിസൈൽ ഹൗസിലെത്തിയ ഷീന അഗ്നി മിസൈൽ നിർമ്മാണത്തിൽ തുടക്കം മുതൽ പങ്കാളിയാണ്. അഞ്ച് അഗ്നി മിസൈൽ പരമ്പരയിലും ലോഞ്ച് കൺട്രോൾ ഡയറക്ടറായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എം.ഐ.ആർ.വി പതിപ്പിലാണ് പ്രോഗ്രാം ഡയറക്ടറായത്. ഡി.ആർ.ഡി.ഒയിലെത്തിയതിന്റെ 25-ാം വർഷമാണ് ഉജ്ജ്വല നേട്ടത്തിനുടമയായത്.
ഡി.ആർ.ഡി.ഒ.യിൽ നാവിഗേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ പി.എസ്.ആർ. ശ്രീനിവാസ ശാസ്ത്രിയാണ് ഭർത്താവ്. 2019ൽ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച കൗടില്യ സാറ്റലൈറ്റ് നിർമ്മാണത്തിൽ പങ്കാളിയായിരുന്നു ശ്രീനിവാസ്.
ചൈനയ്ക്ക് മറുപടി
അയ്യായിരം കിലോമീറ്റർ ചുറ്റളവിലെ ലക്ഷ്യത്തിലേക്ക് കൃത്യതയോടെ എത്തുന്ന, പത്തോളം പോർമുനകൾ വഹിക്കുന്ന അഗ്നി 5 ചൈനയ്ക്ക് ഇന്ത്യയുടെ മറുപടിയാണ്. മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി ടാർജറ്റബിൾ റീ എൻട്രി വെഹിക്കിൾ
( എം.ഐ.ആ.വി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുകയും തിരിച്ച് ഭൂമിയിലേക്ക് വന്ന് പല പോർമുനകളായി വേർപിരിഞ്ഞ് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യതയോടെ പ്രഹരിക്കുകയും ചെയ്യും. പരീക്ഷണ വിജയത്തോടെ അമേരിക്ക,റഷ്യ,ചെെന, ബ്രിട്ടൻ,ഫ്രാൻസ് എന്നിവർക്കൊപ്പമാണ് ഇന്ത്യയും ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് ദിവ്യാസ്ത്ര എന്ന് പേരിട്ടത്.
ഇതൊരു ടീം വർക്കാണ്. രാജ്യ സുരക്ഷയ്ക്കായി രാപ്പകൽ പ്രയത്നിക്കുന്ന ടീമിന്റെ വിജയം
- ഷീനാറാണി