
തിരുവനന്തപുരം: ഇറ്റലിലേക്കുള്ള യാത്രാമദ്ധ്യേ മിലനിൽ വച്ചുണ്ടായ കവർച്ചയുടെ ഞെട്ടലിൽ പ്രമേഹ ചികിത്സാവിദഗ്ദ്ധൻ ജ്യോതിദേവ് കേശവദേവും കുടുംബവും.
ഈ മാസം അഞ്ചിനുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവച്ചത്.
ഇറ്റലിയിലെ ഫ്ളോറൻസിൽ നടക്കുന്ന അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് ട്രീറ്റ്മെന്റ് ഫോർ ഡയബറ്റീസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകാനായി മിലൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് പാസ്പോർട്ടും പണവും ക്രെഡിറ്റ് കാർഡും മോഷണം പോയെന്ന് മനസ്സിലായത്.
വൈകിട്ട് 6.20ന് ആഫ്രിക്കൻ വംശജൻ വലിയ ട്രോളി ബാഗ് കൊണ്ട് വലത്തെ കാൽ മുട്ടിലിടിച്ച് ജ്യോതിദേവിനെ തള്ളിയിട്ടു. ഭാര്യ സഹായത്തിനായി കുനിഞ്ഞു. ട്രെയിൻ സമയമായതിനാൽ ഇരുവരും വേഗം പ്ലാറ്റ്ഫോമിലേക്ക് പോയി. 10 മിനിട്ടിന് ശേഷം ഹാൻഡ് ബാഗ് തുറന്നപ്പോഴാണ് പാസ്പോർട്ടും പണവും ക്രെഡിറ്റ് കാർഡും അടങ്ങുന്ന വാലറ്റ് മോഷണം പോയതായി മനസിലായത്.
ഇറ്റാലിയൻ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. ഇത്തരത്തിലുള്ള മോഷണം പതിവാണെന്ന് പൊലീസ് പറഞ്ഞു.
30 മിനിട്ട് കഴിഞ്ഞപ്പോൾ മോഷ്ടാക്കൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിച്ചതായി എസ്.എം.എസ്. വഴി അറിഞ്ഞു. 28 യൂറോ (2500 രൂപ) മാത്രമാണ് പോയത്. അപ്പോഴേക്കും കാർഡ് ബ്ലോക്ക് ചെയ്തു. വിവരം അറിഞ്ഞ കുടുംബ സുഹൃത്ത് ഡോ.ശശി തരൂർ ഇറ്റലിയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. കോൺസുലേറ്റ് ജനറൽ അതുൽ ചൗഹാൻ ഇടപെട്ട് താത്കാലിക പാസ്പോർട്ട് അനുവദിച്ചു. അതിലാണ് തിരികെ മടങ്ങിയത്. ഇനി ഇത് ഉപയോഗിച്ച് ഇരുവർക്കും പാസ്പോർട്ട് എടുക്കണം. പുതിയ ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷയും നൽകി.
വർഷങ്ങളായി നിരന്തരം വിദേശയാത്ര നടത്തുന്ന തനിക്ക് ആദ്യ അനുഭവമാണെന്നും നമ്മുടെ നാട്ടിൽ സുരക്ഷിതത്വം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രൈം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം അവിടെയില്ലെന്നും കൂട്ടിച്ചേർത്തു.