
അത്രയാവേശമുണ്ടോ ഇപ്പോൾ?
പല തവണയായി സ്വയം ചോദിക്കുന്നു.
നിന്നെയാരും കൊന്നില്ലേയെന്ന,
പത്താം ക്ളാസുകാരുടെ
പുനഃസമാഗമത്തിലെ
ഒരു സഹപാഠിയുടെ
നിഷ്കളങ്കമായ ലോഹ്യം ചോദിക്കൽ
കേട്ടപ്പോൾ മുതലാണ്,
വിട്ടുപിരിഞ്ഞ കൗമാരത്തെയും
യൗവനത്തെയും പറ്റി
ചിന്തിക്കാൻ തുടങ്ങിയത്.
അത്രയാവേശമുണ്ടോ ഇപ്പോൾ?
മുഷ്ടിചുരുട്ടി വായുവിലേക്കെറിയുമ്പോൾ
മുദ്ര തെറ്റുന്നു.
വിപ്ളവത്തിന്റെ കണക്കെടുപ്പിൽ
ചരിത്രപരമായ പാളിച്ചകളുണ്ടാവുന്നു.
ദൈവത്തിനുനേരേ
വിരൽചൂണ്ടുമ്പോൾ
കൂപ്പുകൈയുടെ നിഴൽച്ചിത്രം.
പക്ഷെ,
പ്രേമിക്കുമ്പോൾ ഇപ്പോഴും
ശരീരത്തിനു തീപിടിക്കുന്നു.
മദ്ധ്യവയസിലേക്ക് ഒളിച്ചുകടക്കുന്നു,
കൗമാരവും യൗവനവും.
മദ്ധ്യവയസ് മധുരനാരങ്ങ പോലെ,
മധുപോലെ!