c

താലിബാനെയോ ഖാപ്പ് പഞ്ചായത്തുകളെയോ ഓർമിപ്പിക്കുന്ന സംഭവങ്ങളാണ് കലാലയങ്ങളോട് അനുബന്ധിച്ചുള്ള പല ഹോസ്റ്റലുകളിലും അരങ്ങുന്നതെന്ന് വെളിവാക്കുന്ന വാർത്തകളാണ് പലപ്പോഴും പുറത്തുവരുന്നത്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണം ആൾക്കൂട്ടനടുവിലെ പ്രാകൃത നരഹത്യയാണ്. ഉത്തരവാദപ്പെട്ട അദ്ധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും,​ സംഭവത്തിനു ശേഷം പോലും അവർ സ്വീകരിച്ച നിലപാടുകളും തീർത്തും പ്രതിലോമകരവും കുറ്റകരവുമാണ്.

വീട്ടിൽ നിന്ന് അകന്ന്,​ അപരിചിതരായ ഒട്ടേറെപ്പേർക്കൊപ്പം ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവിടുത്തെ ഹോസ്റ്റലുകളിലും ജീവിക്കേണ്ടിവരുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇതു നൽകുന്ന നടുക്കവും അനിശ്ചിതത്വവും വലുതാണ്. ഗൗരവമായ സമീപനം വേണ്ടുന്ന വിഷയമാണിത്. മക്കളെ ദൂരെയയച്ച് പഠിപ്പിക്കുന്ന രക്ഷിതാക്കളുടെ ആധി കൂടി കണക്കിലെടുക്കുമ്പോൾ അടിയന്തരശ്രദ്ധ അനിവാര്യമായ സാമൂഹികപ്രശ്നവുമാണ്.

ഒരു സമൂഹത്തിലെ എല്ലാ സാമൂഹിക,രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സാഹചര്യങ്ങളും കലാലയത്തിലും മൂർത്തരൂപത്തിൽ പ്രത്യക്ഷമാകും. അതുകൊണ്ട് സമൂഹത്തിലെ അധികാര പ്രയോഗങ്ങളും വിവിധങ്ങളായ വിവേചനങ്ങളും അവസരനിഷേധങ്ങളും സാമൂഹികമായ ബഹിഷ്കരണങ്ങളുമൊക്കെ കലാലയങ്ങൾക്കകത്തെ ദൈനംദിന ഭരണത്തിലും വ്യക്തിബന്ധങ്ങളിലും പൊതുപ്രവൃത്തികളിലുമൊക്കെ പ്രതിഫലിക്കും. അതുകൊണ്ടാണ് ഏതൊരു സമൂഹത്തിന്റെയും സുദൃഢവും ആരോഗ്യകരവുമായ സുസ്ഥിര പുരോഗതിക്കായി നിരവധി സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സ്ഥാപനസംവിധാനങ്ങളും ഓരോ ഉന്നത വിദ്യാഭ്യാസകേന്ദ്രത്തിലും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിഷ്കർഷയുള്ളത്.

ശാരീരികമായി വളർന്നവരുണ്ടെങ്കിലും സാമൂഹികമായ പക്വത പ്രാപിക്കാനിടയില്ലാത്ത പ്രായത്തിലുള്ളവരാണ്, ഗവേഷണം ഒഴികെയുള്ള, കോളേജ്- സർവകലാശാല ക്ലാസുകളിൽ സാധാരണയുള്ളത്. ഹോസ്റ്റലിൽ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം, സ്ഥാപനത്തിന് പുറത്തുള്ള ഏതെങ്കിലും വ്യക്തിയുമായി അവിടുത്തെ ദൈനംദിന കാര്യങ്ങൾ സാമാന്യമായെങ്കിലും പങ്കു വയ്ക്കപ്പെടണം. അസാധാരണമായി ആ വിദ്യാർത്ഥിക്ക് എന്തെങ്കിലും സംഭവിച്ചാൽ, അയാളുടെ സമീപകാല ജീവിതത്തിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് അറിയാവുന്ന ഒരാളെങ്കിലും പുറത്തുണ്ടാവണം. പല കാരണങ്ങളാൽ ഇന്നത്തെ കുടുംബങ്ങൾക്കകത്ത് ആശയവിനിമയം കുറയുന്നത് ഒരു അപകടമായി മാറുന്നത് മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ കൂടിയായിരിക്കും.

ഊഷ്മളമായ ഒന്നിലേറെ സൗഹൃദങ്ങൾ സ്ഥാപനങ്ങൾക്കകത്തെ വൈവിദ്ധ്യമാർന്ന തലങ്ങളിൽ സൃഷ്ടിക്കേണ്ടതും പ്രധാനമാണ്. ഹോസ്റ്റൽ മുറിയിലോ ക്ലാസിലോ ഉള്ള ഒന്നോ രണ്ടോ പേരുമായി മാത്രം സൗഹൃദം സൂക്ഷിക്കുന്നവർ കൂടുകയാണിന്ന്. ഇത് ആശാസ്യമല്ല. ആഴത്തിലുള്ള സൗഹൃദങ്ങൾ ധാരാളമായി ഉണ്ടാകുന്നതാണ് എന്തുകൊണ്ടും അനുയോജ്യം. സൗഹൃദമെന്നതിന് അർത്ഥം,​ പുറത്തു കറങ്ങാനോ വിരുന്നുകൾ ആഘോഷിക്കാനോ ഉള്ള കൂട്ടെന്നല്ല, അഭിപ്രായങ്ങളും അനുഭവങ്ങളും വിലയിരുത്തി പ്രതിഫലിപ്പിക്കുന്ന, സ്വയം വളരാനുതകുന്ന ചങ്ങാത്തമെന്നാണ് ഉദ്ദേശിക്കുന്നത്.

അദ്ധ്യാപകരുമായുള്ള ആശയവിനിമയവും പ്രധാനമാണ്. വിദ്യാർത്ഥിയുടെ അവകാശങ്ങളും അവസരങ്ങളും സംരക്ഷിക്കാനായി നിരവധി സ്ഥാപനങ്ങളുണ്ട്. ഇവിടങ്ങളിലെ ബന്ധപ്പെട്ട അദ്ധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വിദ്യാർത്ഥിയുടെ കൈവശമുണ്ടാകണം. ഈ നമ്പറുകളെല്ലാം രക്ഷിതാവും ലോക്കൽ ഗാർഡിയനും സൂക്ഷിക്കണം. തന്റെ ക്ഷേമത്തിനായുള്ള സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അത്തരം സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ചും വിദ്യാർത്ഥിക്ക് അറിവുണ്ടാവുകയും വേണം.

ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ നിയമപരമായി ഉണ്ടായിരിക്കേണ്ട വിദ്യാർത്ഥി ക്ഷേമ സമിതികളിൽ പലതും അർദ്ധ നീതിന്യായ സംവിധാനങ്ങൾ തന്നെയാണ്. ആ സമിതികളിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും സ്ഥാപനത്തിന് പുറത്തു നിന്നുള്ളവരുടെയും പങ്കാളിത്തം ആവശ്യമാണ്. തദ്ദേശഭരണ സ്ഥാപനത്തിന്റെയും പൊലീസിന്റെയും പി.ടി.എയുടേയും മറ്റും പ്രതിനിധികളുമൊക്കെ വേണമെന്ന് നിഷ്കർഷിച്ചിരിക്കുന്നത് ചായ്‌വുകൾ ഒഴിവാക്കാനാണ്. റാഗിംഗ് വിരുദ്ധ സമിതി , ഇന്റേണൽ കംപ്ലെയിന്റ് സെൽ, സ്റ്റുഡൻറ് ഗ്രീവൻസ് സെൽ, ആന്റി സെക്ഷ്വൽ ഹരാസ്‌മെന്റ് കമ്മിറ്റി, എസ്.സി- എസ്.ടി- ഒ.ബി.സി സെൽ, വിദ്യാർത്ഥി പരിഹാര സെൽ എന്നിവയാണ് സമിതികളിൽ പ്രധാനം.

ഹോസ്റ്റലുകളിൽ ഹോസ്റ്റൽ സമിതികളും പരാതിപ്പെട്ടികളും വാച്ച്മാനും ഉണ്ടാകണം. പി.ടി.എ യോഗങ്ങൾ കൃത്യമായി നടക്കണം. പ്രിൻസിപ്പൽ, ഡീൻ, വാർഡൻ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളും കലാലയങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കണം. അതൊരു സാമൂഹ്യ ഉത്തരവാദിത്തമാണ്. ലഹരിമാഫിയയുടെ നീക്കങ്ങൾ ശ്രദ്ധിക്കാനും പ്രതിരോധിക്കാനും പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കഴിയണം. ഭയം കാരണം മേൽപറഞ്ഞ താക്കീതുകളും മുൻകരുതലുകളും വിട്ടുകളയുകയോ ലാഘവത്തോടെ എടുക്കുകയോ ചെയ്താൽ പ്രത്യാഘാതം വലുതായിരിക്കും.

(ചിന്മയ കൽപ്പിത സർവകലാശാലയിൽ അദ്ധ്യാപികയാണ് ലേഖിക)