dc

കഷ്ടപ്പെട്ട് പരിശീലിച്ച്, മണിക്കൂറുകളെണ്ണി ഊഴം കാത്തിരുന്ന് മത്സരവേദിയിൽ കയറിയിട്ട് കണ്ണീർ പൊഴിച്ച് വേദി വിടേണ്ടിവരുന്ന കലാപ്രതിഭകൾ, അവരുടെ പേരിൽ വേദിക്ക് പുറത്ത് ഏറ്റുമുട്ടുന്ന പരിശീലകർ, മക്കൾക്ക് ജയവും ഗ്രേഡും കിട്ടാൻ വെമ്പൽ കൊള്ളുന്ന രക്ഷിതാക്കൾ.... ഇതൊക്കെ സർവകലാശാല കലോത്സവങ്ങളിലെ സ്ഥിരം കാഴ്ചകളാണ്. കേരള സർവകലാശാലയുടെ ഇത്തവണത്തെ കലോത്സവം ഒരുപടി കൂടി കടന്നു, മത്സര ഇനമായിരുന്നില്ലെങ്കിലും വിദ്യാർത്ഥി സംഘടനകളുടെ കൂട്ടയടിയായിരുന്നു ഇത്തവണത്തെ സ്പെഷ്യൽ. ഒന്നല്ല രണ്ട് ദിവസം. വരൾച്ച കാലത്ത് കെ.എസ്.ഇ.ബി ചെയ്യാറുള്ള കറണ്ട് കട്ട് പോലെ, കലോത്സവം ഇടയ്ക്കിടെ നിറുത്തി വയ്ക്കുകയും ചെയ്തു. എല്ലാം അരങ്ങേറിയത് കേരളത്തിന്റെ തലസ്ഥാന നഗരിയിലും. എന്തൊരു നാണക്കേട്.

വിദ്യാർത്ഥികളിൽ അന്തർലീനമായിട്ടുള്ള കലാവാസനകളെ പുറത്തെടുക്കാനും പ്രോത്സാഹിപ്പിക്കാനും അതിലൂടെ കലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കാനും വേണ്ടിയാണ് തലയിൽ ആൾ താമസമുള്ള മുൻതലമുറയിലെ ദീർഘദർശികൾ കലയുടെ ഉത്സവങ്ങൾക്ക് രൂപം നൽകിയത്. ആറ് പതിറ്റാണ്ടിലേറെ മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് പകരക്കാരനില്ലാതെ തിളങ്ങി നിന്ന ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് സ്കൂൾ കലോത്സവത്തിലെ തിളക്കത്തിലൂടെ സംഗീത ലോകത്തെത്തിയ പ്രതിഭയാണ്. അതേ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനക്കാരനായ പി. ജയചന്ദ്രനാണ് പിൽക്കാലത്ത് നമ്മുടെ ഭാവഗായകനായി വളർന്നത്. ജി. വേണുഗോപാൽ, എം. ജയചന്ദ്രൻ, വിനീത് ശ്രീനിവാസൻ തുടങ്ങി കലോത്സവ വേദിയിൽ തിളങ്ങി ഗാനരംഗത്തേക്ക് എത്തിയവർ പിന്നെയുമുണ്ട്. മലയാള സിനിമയിൽ തിളക്കമാർന്ന പ്രകടനം നടത്തിയ പല നായികമാരും നടന്മാരും കലോത്സവ വേദിയിൽ കൈയ്യൊപ്പ് പതിപ്പിച്ച് എത്തിയവരാണ്. പ്രതിഭകളെ വാർത്തെടുക്കുന്ന മൂശതന്നെയാണ് സ്കൂൾ, കോളേജ് കലോത്സവങ്ങളെന്നതിന് അടിവരയിടുന്നതാണ് ഇവരുടെയൊക്കെ സാന്നിദ്ധ്യം.

തങ്ങളുടെ മക്കളും ഭാവിയിൽ യേശുദാസോ, ജയചന്ദ്രനോ, മഞ്ജുവാര്യരോ, സലീംകുമാറോ ഒക്കെ ആവുമെന്ന പ്രതീക്ഷയിൽ കുട്ടികളെ കലാമത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന കുറെ രക്ഷിതാക്കളെങ്കിലും ഉണ്ട്. അവരെ കുറ്റം പറയാനാവില്ല. എന്നാൽ കലയോടുള്ള അഭിനിവേശത്താൽ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്ന മറ്റൊരു കൂട്ടം രക്ഷിതാക്കളുമുണ്ട്. ചില കുട്ടികളൊക്കെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നേക്കാം മറ്റു ചിലർ ഒളിമങ്ങിപ്പോയേക്കാം. എങ്കിലും കലാരംഗത്തായാലും കായിക രംഗത്തായാലും മറ്റേത് രംഗത്തായാലും ആരോഗ്യകരമായ മത്സരം അനിവാര്യമാണ്. എങ്കിലേ തങ്ങളുടെ യഥാർത്ഥ കഴിവ് ഓരോ കലാകാരനും കണ്ടെത്താനാവൂ.

പക്ഷെ ഈ മത്സരങ്ങൾ നിയതമായ മാനദണ്ഡങ്ങൾ അനുസരിച്ചാവണം. അല്ലാതെ മത്സരരംഗത്ത് മായം കലർത്താനോ കുറുക്കുവഴി തേടാനോ തൻപ്രമാണിത്തം കാട്ടാനോ, വിധികർത്താക്കളെ വിലയ്ക്ക് വാങ്ങാനോ ഒക്കെയുള്ള ശ്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് ഇത്തരം മേളകളുടെ എല്ലാ ചാരുതയും ചോർന്ന് പോകുന്നത്. തലസ്ഥാനത്ത് അടുത്ത ദിവസം തല്ലിപ്പിരിഞ്ഞ കേരളസർവകലാശാല കലോത്സവം, ഇത്തരം മേളകളുടെ മേലുള്ള കരിനിഴൽ വീഴ്ത്തലായിരുന്നു. വിധികർത്താക്കളെ വിലയ്ക്കെടുക്കലും പക്ഷപാതവും പരിശീലകരുടെ പോരുമെല്ലാം ഈ നിറംകെടുത്തലിന് കാരണമായെങ്കിലും അതിന്റെ പിന്നാമ്പുറ കഥകളിലേക്ക് കടക്കുമ്പോഴാണ് നമുക്ക് ബോദ്ധ്യമാവുന്നത്. ചില ദുർവാസനകളുടെ കടന്നുകയറ്റമാണ് കേരള സർവ്വകലാശാല സെനറ്റ് ഹാളിന് സമീപത്ത് കണ്ടത്.

മൂന്നര പതിറ്റാണ്ട് പിന്നിലേക്ക്, കൃത്യമായി പറഞ്ഞാൽ 37 വർഷങ്ങൾ, ഒന്നു നടന്നാൽ തെളിയും ഓപ്പൺ എയർ അന്തരീക്ഷത്തിൽ, വൻ ജനപങ്കാളിത്തത്തോടെ, കലോത്സവത്തെ ഒരു നഗരത്തിന്റെ ഉത്സവമാക്കി മാറ്റിയ ഒരു കേരള സർവകലാശാല കലോത്സവം. പിൽക്കാലത്ത് സി.പി.എമ്മിന് പുറത്തായ, ഇപ്പോഴത്തെ സി.പി.ഐ നേതാവ് ടി.ജെ.ആഞ്ചലോസ് (അദ്ദേഹം എം.എൽ.എയും എം.പിയുമൊക്കെയായി) കേരള സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന വർഷം. എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവായിരുന്നു അന്ന് ആഞ്ചലോസ്. കോളേജ് ആഡിറ്റോറിയങ്ങളുടെ അകത്തളങ്ങളിലും പ്രത്യേകം തീർക്കുന്ന ചെറുപന്തലുകളിലും മാത്രം ഒതുങ്ങിയിരുന്ന കലോത്സവത്തെ വിശാലമായ മൈതാനത്തേക്ക് പറിച്ചു നട്ടത് ആലപ്പുഴയിലെ ആ കലോത്സവത്തിലാണ്. പ്രധാന മത്സര ഇനങ്ങളെല്ലാം വിശാലമായ വേദിയിൽ. നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഉണ്ടായിരുന്നില്ല. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി സംഘങ്ങളായിരുന്നു വോളണ്ടിയർമാർ. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വിവിധ വിദ്യാർത്ഥി, യുവജന സംഘടനകളുടെയും നേതാക്കൾ ഉൾപ്പെട്ട സംഘാടക സമിതി പരിപാടികളുടെ മേൽനോട്ടം ഏറ്റെടുത്തു. അഞ്ചാറു ദിവസങ്ങൾ ആലപ്പുഴ നഗരത്തിലെ ജനങ്ങൾ ഒന്നിനെക്കുറിച്ചും ആവലാതിപ്പെടാതെ സന്തോഷകരമായി കഴിച്ചുകൂട്ടി.

ആ കലോത്സവം വൻ വിജയമായത് കൃത്യമായ സംഘാടനത്തിന്റെ മികവുകൊണ്ടും അനാവശ്യമായ ഇടപെടലുകളുടെ സാന്നിദ്ധ്യമില്ലായ്മ കൊണ്ടുമാണ്. പിന്നെയും ഏതെല്ലാം ജില്ലകളിലായി എത്രയെത്ര കലോത്സവങ്ങൾ നല്ല നിലയിൽ നടന്നു . എന്നാൽ വർഷങ്ങൾ കഴിയുന്തോറും തെറ്റായ ചില പ്രവണതകൾ കലോത്സവ വേദിയിലേക്ക് അരിച്ചുകയറുന്നതായൊരു തോന്നൽ. ഇത് വെറും തോന്നൽ മാത്രമല്ലെന്ന ഓർമപ്പെടുത്തലാണ് തലസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ നടന്ന കലോത്സവം.

കോഴ ആരോപണത്തെ തുടർന്ന് വിധി കർത്താക്കളുൾപ്പെടെ മൂന്ന് പേരെ കലോത്സവ പരിസരത്തു നിന്ന് പൊലീസിന് അറസ്റ്ര് ചെയ്യേണ്ടി വന്നു. യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന മാർഗംകളി മത്സരത്തിന്റെ ഫലമാണ് വിവാദമായത്. 14 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇവാനിയോസിന് ഒന്നാംസ്ഥാനം ലഭിച്ചു. ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിന് രണ്ടും യൂണിവേഴ്സിറ്റി കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരത്തിനിടെ ചുവടുതെറ്റിയ മാർ ഇവാനിയോസിന് ഒന്നാം സ്ഥാനം നൽകിയതിൽ കോഴ ആരോപിച്ച് യൂണിവേഴ്സിറ്റി കോളേജ് രംഗത്തെത്തിയതോടെയാണ് സംഘാടക സമിതി പരിശോധന നടത്തിയത്.

കലോത്സവത്തിൽ വിവിധ സ്ഥാനങ്ങൾ ലഭിക്കാൻ കോഴയായി വാഗ്ദാനം ചെയ്തത് 40,000 മുതൽ 1.5 ലക്ഷം വരെയാണെന്ന വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ പ്രചരിക്കുന്നു. സംഘർഷ സാദ്ധ്യതയെ തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം സമാപന ചടങ്ങിന് മുമ്പുതന്നെ കലോത്സവം നിറുത്തിവയ്ക്കുന്നു. വാട്ട്സ് ആപ്പ് സന്ദേശത്തിന്റെ ആധികാരികത ഉറപ്പിക്കാൻ പൊലീസിന് കഴിഞ്ഞുമില്ല.

ചില കോളേജുകൾ ചില മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നതും ആ കോളേജുകളുടെ യൂണിയൻ ഭരണത്തിലുണ്ടായമാറ്റവുമൊക്കെയാണ് കോഴ ആരോപണത്തിലേക്കും അതിന്റെ പേരിലുള്ള അറസ്റ്റിലേക്കുമൊക്കെ വഴിവച്ചതെന്നാണ് പിന്നാമ്പുറ സംസാരം. കലോത്സവങ്ങളിലെ കോഴ ആരോപണങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷെ അത് രക്ഷിതാക്കളുടെ ഭാഗത്തു നിന്നോ പരിശീലകരുടെ ഭാഗത്തു നിന്നോ ആയിരുന്നു ഇതുവരെ.

ഇതുകൂടി

കേൾക്കണേ

കൃത്യമായ വിധിനിർണ്ണയത്തിന്റെയും പ്രകടനത്തിലെ നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ തീർത്തും അർഹരായവർ മാത്രമാവണം വിജയികളാവേണ്ടത്. മറ്റുള്ള കൈകടത്തലുകൾക്ക് ഇടം നൽകാതിരിക്കുകയും ഒരുവിധ രാഷ്ട്രീയ ഇടപെടലുകളും വേദികളിലേക്ക് എത്തില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് സംഘാടകർ ചെയ്യേണ്ടത്.