
പഴയ കാലത്ത് പഠനത്തിന് പാഠപുസ്‌തകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഓൺലൈൻ ക്ളാസുകൾ തുടങ്ങി നിരവധി പുതിയ പഠനോപാധികൾ ലഭ്യമാണ്. ഇതൊക്കെ വന്നെങ്കിലും ഇന്നും പഠനത്തിന് പാഠപുസ്‌തകങ്ങളെ തന്നെയാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും ആശ്രയിക്കുന്നത്. പുതിയ പാഠപുസ്‌തകങ്ങളുടെ നിറവും മണവും പോലും കുട്ടികളെ ആകർഷിക്കാൻ പോന്നതാണ്. അദ്ധ്യയന വർഷം ആരംഭിച്ചാലും മാസങ്ങളോളം വൈകിയാണ് മുമ്പൊക്കെ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈയിൽ എത്താറുള്ളത്. അച്ചടി വൈകിയതിനാൽ പാഠപുസ്തക വിതരണം പൂർത്തിയാകാൻ ഓണം കഴിയും എന്ന തരത്തിൽ അന്നൊക്കെ നിരന്തരം വാർത്തകളും വന്നിരുന്നു. അതെല്ലാം പഴയ കാലത്തിന്റെ ഓർമ്മകളാക്കി മാറ്റിക്കൊണ്ട് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യനയ വർഷം തുടങ്ങുന്നതിന് 81 ദിവസം മുമ്പുതന്നെ പാഠപുസ്‌തക വിതരണം ആരംഭിച്ചത് അഭിനന്ദനീയമായ നടപടിയാണ്.
പൊതു വിദ്യാഭ്യാസ വകുപ്പും അതിന് നേതൃത്വം നൽകുന്ന മന്ത്രി വി. ശിവൻകുട്ടിയും ഇക്കാര്യത്തിൽ കുട്ടികളുടെ കൈയടി നേടിയിരിക്കുകയാണ്. ഒരു കോടി എൺപതു ലക്ഷം പാഠപുസ്‌തകങ്ങളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഇത് പരിഷ്‌ക്കരിക്കാത്ത പാഠപുസ്‌തകങ്ങളാണ്. പരിഷ്കരിച്ച ടെക്സ്റ്റ് ബുക്കുകൾ മേയ് മാസം തന്നെ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളോടും യോജിക്കാൻ പലപ്പോഴും സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് കഴിയില്ല. എന്നാൽ രാഷ്ട്രീയമായ ഈ അഭിപ്രായ ഭിന്നതകൾ കുട്ടികളുടെ പഠനത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കരുത് എന്നത് മുൻകൂട്ടിക്കണ്ട് ബദൽ പാഠപുസ്‌തകങ്ങൾ തയ്യാറാക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതും സ്വാഗതാർഹമാണ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ്, സോഷ്യോളജി പുസ‌്‌തകങ്ങളിൽ എൻ.സി.ഇ.ആർ.ടി വെട്ടിമാറ്റലുകൾ വരുത്തിയപ്പോൾ അവ ഉൾക്കൊള്ളിച്ച് 11, 12 ക്ളാസുകൾക്കായി പ്രത്യേക പാഠപുസ്‌തകങ്ങളാണ് പുറത്തിറക്കുന്നത്.
ചരിത്രത്തിൽ മുഗൾ ചരിത്രം, വ്യാവസായിക വിപ്ളവം, ഇന്ത്യാ ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കൽ സയൻസിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികൾ, അടിയന്തരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങൾ തുടങ്ങിയവയുമാണ് ബദൽ പാഠപുസ്‌തകങ്ങളിൽ ഉൾപ്പെടുത്തിയത്. ഭരണഘടനയുടെ മൂല്യങ്ങൾ മനസ്സിലാക്കുന്നതിനും ഇന്ത്യയുടെ യഥാർത്ഥ ചിത്രം കുട്ടികൾക്ക് പ്രദാനം ചെയ്യുന്നതിനും ഈ പാഠഭാഗങ്ങൾ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ബദൽ പുസ്‌തകങ്ങളിൽ ഇവ ഉൾപ്പെടുത്തിയത്. പുസ്‌തകങ്ങൾ കൃത്യസമയത്ത് നൽകിയതുപോലെ തന്നെ പ്രധാനമാണ് അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെ നോക്കേണ്ടതും. അതിനു വേണ്ട ജാഗ്രതയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ പാഠപുസ്‌തകങ്ങളുടെയും തുടക്കത്തിൽ ഭരണഘടനയുടെ ആമുഖം അച്ചടിച്ചതും കുട്ടികൾ അത് പഠിക്കുമെന്ന് ഉറപ്പുവരുത്തുന്നതുമൊക്കെ വളരെ നല്ല കാര്യങ്ങളാണ്. ജനാധിപത്യബോധവും പൗരബോധവും കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഇതൊക്കെ സഹായകമാകാതിരിക്കില്ല. അതോടൊപ്പം തന്നെ പത്രവായനയ്ക്കും പുസ്‌തക വായനയ്ക്കുമായി സ്‌കൂളുകളിൽ പ്രത്യേക പീരിയഡ് ഏർപ്പെടുത്തുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം കുട്ടികളുടെ ബൗദ്ധിക നിലവാരം ഉയർത്താൻ ഗുണകരമായി മാറുന്ന പരിഷ്കാര നടപടിയാണ്. പത്രവായനയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തണമെന്ന് മന്ത്രി വിളിച്ചുകൂട്ടിയ പത്രാധിപന്മാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും യോഗത്തിൽ നിർദ്ദേശം ഉയരുകയുണ്ടായി. ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെടുകയും ചെയ്തു. ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയാൽ പത്രവായനയെ കുട്ടികൾ കൂടുതൽ ഗൗരവമായി സമീപിക്കും. ഭാവിയിലെ നല്ല പൗരന്മാരായി വളരാൻ അവർക്ക് അടിസ്ഥാനമാവുകയും ചെയ്യും.