
ന്യൂഡൽഹി: ബഹിരാകാശത്തു നിന്നുള്ള ന്യൂഡൽഹിയുടെ രാത്രിചിത്രം പങ്കുവച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയം. റോഡ് ശൃംഖലയും കെട്ടിടങ്ങളുടെ വർണ്ണവെളിച്ചവും കൂറ്റൻ നിർമ്മിതികളുമൊക്കെയായി ഡൽഹിയുടെ ബഹിരാകാശ കാഴ്ച സുന്ദരമാണെന്ന കമന്റോടെയാണ് സ്പെയ്സ് സ്റ്റേഷൻ സഞ്ചാരികൾ ചിത്രം എക്സിൽ പോസ്റ്റ് ചെയ്‌തത്. 2035ൽ ഇന്ത്യ സ്വന്തം സ്പെയ്സ് സ്റ്റേഷൻ നിർമ്മിക്കാനിരിക്കെയാണ് ഇൗ ചിത്ര സമർപ്പണം.
ഡൽഹി അതീവ സുന്ദരിയാണെന്നാണ് ആഗോള പ്രതികരണങ്ങൾ. ഭൂമിയുടെ 400 കിലോമീറ്റർ മുകളിലൂടെ കടന്നുപോകുന്ന സ്പെയ്സ് സ്റ്റേഷനിലെ സഞ്ചാരികൾ ഇത്തരം കൗതുകങ്ങൾ കാട്ടാറുണ്ട്. ന്യൂയോർക്കിന്റേയും മോസ്കോയുടേയും ലണ്ടന്റേയും ചിത്രങ്ങൾ നേരത്തെ പങ്കുവെച്ചിട്ടുണ്ട്. ഇക്കുറി സാന്റിയാഗോ, മെക്സിക്കോ സിറ്റി, ഷാങ്ഹായ് നഗരങ്ങളുടെ നിശാചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഗഗൻയാൻ യാത്രയ്ക്ക് മുമ്പായി ഇന്ത്യൻ ബഹിരാകാശയാത്രിക സംഘത്തിലെ ഒരാളെ സ്പെയ്സ് സ്റ്റേഷനിൽ താമസിപ്പിച്ച് പരിശീലനം നൽകുമെന്ന് അമേരിക്ക ഉറപ്പ് നൽകിയിട്ടുണ്ട്. മലയാളിയായ പ്രശാന്ത് നായരായിരിക്കും ആ യാത്രികനെന്നാണ് അറിയുന്നത്. അടുത്ത വർഷമാണ് ഗഗൻയാൻ പരീക്ഷണ വിക്ഷേപണം.
സ്പെയ്സ് സ്റ്റേഷൻ
മാനവസമൂഹത്തിന്റെ സാങ്കേതിക അഭിമാനമാണ് ഇന്റർനാഷണൽ സ്പെയ്സ് സ്റ്റേഷൻ, ഭൂമിയെ 400കിലോമീറ്റർ മുകളിലായി ഒാരോ ഒന്നരമണിക്കൂറിലും ഭ്രമണം ചെയ്യുന്ന സ്റ്റേഷനിൽ ബഹിരാകാശ ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരും ഉണ്ട്. ഭൂമിക്ക് പുറത്ത് മനുഷ്യൻ സ്ഥിരമായി വസിക്കുന്ന ഏക സ്ഥലമാണ് സ്പെയ്സ് സ്റ്റേഷൻ. ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പവും നാല് ലക്ഷം കിലോഗ്രാം ഭാരവുമുള്ള സ്പെയ്സ് സ്റ്റേഷൻ ദീപാലംകൃതമായ രഥം പോലെ ആകാശത്ത് അതിവേഗം പായുന്നത് നഗ്നനേത്രങ്ങളാൽ കാണാം.
1998 - 2011ലാണ് ബഹിരാകാശത്ത് നിലയത്തിന്റെ അസംബ്ലി പൂർത്തിയായത്. അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, യൂറോപ്പ് സ്പെയ്സ് ഏജൻസികളും 15 രാജ്യങ്ങളും ചേർന്നാണ് നിലയം കൈകാര്യം ചെയ്യുന്നത്.