stamp

#ടെംപ്ളേറ്ര് സംവിധാനത്തിന് അനുമതി

തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ലളിതമായും വേഗത്തിലും നിർവഹിക്കാൻ രജിസ്‌ട്രേഷൻ വകുപ്പ് തയ്യാറാക്കിയ ടെംപ്‌ളേറ്റ് സംവിധാനത്തിന് (ആധാരങ്ങളുടെ ഫോം രൂപത്തിലുള്ള മാതൃക) അനുമതി നൽകി സർക്കാർ ഉത്തരവായി. ടെംപ്‌ളേറ്റ് വരുന്നതോടെ കടലാസ് മുദ്രപ്പത്രങ്ങൾ ഇല്ലാതാവും.

ഡിജിറ്റൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകളുടെ പരിധിയിൽ വരുന്ന സബ് രജിസ്ട്രാർ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈകാതെ ഇത് നടപ്പാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷം ഏപ്രിൽ മാസത്തോടെ മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. ആധാരമെഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടാത്ത വിധമാവും പരിഷ്കരണം.

19 വിവിധ ആധാര മാതൃകകളാണ് ടെംപ്ളേറ്റ് രൂപത്തിലാക്കുന്നത്.ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ കൃത്യതയോടെ ചേർത്ത് നൽകുന്നതാണ് ടെംപ്‌ളേറ്റിന്റെ രീതി. ഓരോ വിവരവും രേഖപ്പെടുത്താൻ പ്രത്യേക കോളങ്ങളുണ്ടാവും. ആധാര കക്ഷിയുടെ പേര് വിവരം, വസ്തുവിന്റെ വിശദാംശങ്ങൾ, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ, വസ്തുവിന്റെ മുൻചരിത്രം തുടങ്ങിയവയെല്ലാം ബന്ധപ്പെട്ട കോളങ്ങളിൽ ചേർക്കണം. ഇടപാട് നടക്കുന്ന ഭൂമിയുടെ സ്കെച്ച് ഡിജിറ്റൽ രൂപത്തിൽ ആധാരത്തിന്റെ ഭാഗമാവും. അധിക വിവരങ്ങൾ രേഖപ്പെടുത്താനും പ്രത്യേക സ്ഥലമുണ്ടാവും. ഓൺലൈൻ മുഖേന ഇതെല്ലാം ചേർത്ത് സബ് രജിസ്ട്രാർക്ക് സമർപ്പിക്കാം. രജിസ്ട്രേഷൻ കക്ഷിയുടെ തത്സമയ ഫോട്ടോയും ബയോമെട്രിക് സംവിധാനം വഴി വിരലടയാളവും രജിസ്ട്രാർ രേഖപ്പെടുത്തും. ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലൂടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒടുക്കിയാൽ നടപടികൾ പൂർത്തിയാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതിന്റെ പ്രിന്റൗട്ട് ഇടപാടുകാരന് കിട്ടും. ആധാരത്തിന്റെ കോപ്പി ഇല്ലാതാവും.

പ്രധാനപ്പെട്ട

ആധാരങ്ങൾ

#വിലയാധാരം

#ഭാഗപത്രം

#ധനനിശ്ചയം

#വിൽപ്പത്രം

#വിവിധതരം മുക്ത്യാറുകൾ

#കരാറുകൾ

#പരസ്പര കൈമാറ്റം

ഡിജിറ്റൽ റീസർവെ

81

ഡിജിറ്റൽ റീസർവെ പൂർത്തിയാക്കിയ വില്ലേജുകൾ

2.54 ലക്ഷം ഹെക്ടർ

ആദ്യ ഘട്ടത്തിൽ ആകെ സർവെ നടത്തിയ സ്ഥലം

ലീസ് പോലുള്ള ഇടപാടുകളുടെ രജിസ്ട്രേഷനിൽ കൂടുതൽ വിശദാംശങ്ങൾ രേഖപ്പെടുത്തേണ്ടി വരും. ഇപ്പോഴത്തെ കോളം സംവിധാനം അതിന് പര്യാപ്തമായേക്കില്ല.

-എസ്.പുഷ്പലത

ആൾ കേരള ഡോക്യു.

യൂണിയൻ പ്രസിഡന്റ്.