a

തിരുവനന്തപുരം: കേന്ദ്രം ഭാരത് റൈസ് വിതരണം ചെയ്യുന്നത് രാഷ്ട്രീയലാഭത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ -റൈസിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അർഹതപ്പെട്ടവ കേന്ദ്രം നിഷേധിക്കുമ്പോഴും ക്ഷേമവികസന പദ്ധതികളിൽനിന്നു സംസ്ഥാനം പിന്നോട്ടുപോകില്ലെന്നതിന്റെ ദൃഷ്ടാന്തമാണ് ശബരി കെ-റൈസ്.

കിലോയ്ക്ക് 40 രൂപയോളം ചെലവഴിച്ചാണ് സംസ്ഥാനം കെ-റൈസിനായി മട്ട, ജയ, കുറുവ എന്നിവ വാങ്ങുന്നത്. ജനങ്ങൾക്ക് ലഭ്യമാക്കുന്നതാകട്ടെ 29 - 30 രൂപ നിരക്കിലാണ്. സപ്ലൈകോവഴി അഞ്ചുകിലോ അരി കൂടി ലഭിക്കും.

സപ്ലൈകോ 24 രൂപ നിരക്കിലും റേഷൻ കടകളിൽ 10 രൂപ 90 പൈസ നിരക്കിലും നൽകിവന്നിരുന്ന അരി ഭാരത് റൈസ് എന്ന പേരിൽ 29 രൂപയ്‌ക്കാണ് കേന്ദ്രം വിപണിയിലിറക്കുന്നത്. കേന്ദ്രം 18 രൂപ 59 പൈസ നിരക്കിലാണ് ആ അരി വാങ്ങുന്നത്. എന്നിട്ടാണ് 29 രൂപയ്‌ക്ക് വിൽക്കുന്നത്. അതായത്, വാങ്ങുന്ന വിലയേക്കാൾ 10.41 രൂപ വർദ്ധിപ്പിച്ചാണ് വില്പന. കേരളം കെ-റൈസ് ലഭ്യമാക്കുന്നതാകട്ടെ 11 രൂപയോളം സബ്സിഡി നൽകിക്കൊണ്ടാണ്.

റേഷൻ വിതരണത്തിന് വർഷം 914 കോടിയാണ് കേരളം ചെലവഴിക്കുന്നത്. കേന്ദ്രം നൽകുന്നത് 86 കോടി മാത്രമാണ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുൻപ് 16,25000 മെട്രിക് ടൺ ഭക്ഷ്യധാന്യം കേരളത്തിനു ലഭിച്ചിരുന്നു. നിയമം നടപ്പാക്കിയതോടെ വിഹിതം 14,25000 മെട്രിക് ടണ്ണായി കുറഞ്ഞു. 10,26000 മെട്രിക് ടൺ മുൻഗണനാ വിഭാഗത്തിനാണ്. അതു 43 ശതമാനം വരും. 57 ശതമാനം മുൻഗണനേതര വിഭാഗക്കാർക്കായി സംസ്ഥാനത്തിനുള്ള പ്രതിമാസ അരിവിഹിതം 33294 മെട്രിക് ടണ്ണാണ്. ഈ പ്രതിമാസ സീലിംഗ് ഉള്ളതിനാൽ പ്രത്യേക ഉത്സവങ്ങൾ, ദുരന്തങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ കൂടുതൽ അരി നൽകാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് എഫ്.സി.ഐ വഴി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമിൽ പങ്കെടുത്ത്, സപ്ലൈകോ 29 രൂപ നിരക്കിൽ അരി വാങ്ങി 23-24 രൂപയ്‌ക്ക് വിതരണം ചെയ്തിരുന്നത്. ഇതു അരിവില പിടിച്ചുനിറുത്താൻ സഹായിച്ചു. ഇപ്പോൾ അതിനും കഴിയാത്തതരം നിബന്ധനകൾ മുന്നോട്ടുവച്ചിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, മേഖലാ മാനേജർ ജലജ ജി.എസ്. റാണി എന്നിവർ പങ്കെടുത്തു.