supreme-court

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതിയിൽ 2020 ജനുവരിയിൽ നൽകിയ കേസിൽ തുടർ നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

നിയമഭേദഗതി വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന സർക്കാർ നിലപാടിന് അനുസൃതമായിരിക്കും തുടർ നടപടികൾ. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുതിർന്ന അഭിഭാഷകരുമായുള്ള ചർച്ചയ്ക്ക് എ.ജി ഡൽഹിയിലുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം കേരളമായിരുന്നു. ഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹർജിയാണ് നൽകിയത്. ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് ഭേദഗതിയെന്നും മുസ്ലിങ്ങളോട് നിയമത്തിലൂടെ വിവേചനമുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ഹർജി നൽകിയിരുന്നു. നേരത്തേ, പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

കേരളത്തിന്റെ വാദം

തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതും വിവേചനവും മതനിരപേക്ഷത ഉറപ്പാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യം.

ഈ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. ഇക്കാര്യം മുൻനിറുത്തി, ഭേദഗതി അടിയന്തരമായി റദ്ദാക്കണം.

''മതം, ജാതി, വംശം എന്നിവയുടെ കാര്യത്തിൽ വിവേചനം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഭേദഗതി നടപ്പാക്കാനുള്ള ബാദ്ധ്യത സംസ്ഥാനത്തിനില്ല. ഇക്കാര്യത്തിൽ അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണ്.""

-പി. രാജീവ്

നിയമ മന്ത്രി