turism

തിരുവനന്തപുരം: മരാമത്ത്, ടൂറിസം പദ്ധതികൾക്കായുള്ള ഡിസൈൻ നയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ടൂറിസം കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, സൈനേജുകൾ, തെരുവുകൾ മുതലായവയുടെ രൂപകൽപ്പന സംബന്ധിച്ച സമഗ്ര നയമാണിത്. ഇതിലുള്ള പൊതു ഡിസൈനിൽ നിന്ന് ഓരോ പദ്ധതികൾക്കുമുള്ള രൂപകൽപ്പന സ്വീകരിക്കാം. മരാമത്ത്, ടൂറിസം നിർമ്മിതികളി ൽ കാര്യമായ മാറ്റം ലക്ഷ്യമിടുന്ന നയമാണിത്.

പ്രത്യേക ടൂറിസം മേഖല, പ്രത്യേക ഹെറിറ്റേജ് മേഖല എന്നിങ്ങനെ പ്രദേശങ്ങൾക്ക് പ്രത്യേത ഡിസൈനായിരിക്കും. നയത്തിന്റെ ഭാഗമായി സൈനേജുകൾ നവീകരിക്കും. സൈനേജുകൾക്കും ലൈറ്റിംഗിനും മാന്വലുണ്ടാക്കും. പരമ്പരാഗത കലാരൂപങ്ങളുടെ അവതരണത്തിനായി പ്രത്യേക ഇടങ്ങളുണ്ടാക്കും. ക്രാഫ്റ്റ് ഡിസൈൻ സെന്ററുകൾ സ്ഥാപിക്കും. കരകൗശല വസ്തുക്കളുടെയും കലകളുടെയും ബ്രാൻഡ് സൃഷ്ടിക്കും. കരകൗശല നിർമ്മാണ സമൂഹത്തിന് പ്രത്യേക പരിഗണന നൽകും. മരാമത്ത്, ടൂറിസം വകുപ്പുകളുടെ യോജിച്ച പ്രവർത്തനത്തിന് കേന്ദ്രീകൃത ഡാറ്റ മാനേജ്‌മെന്റ് സംവിധാനമൊരുക്കും. പൊതു ഇടങ്ങളിലെ നിർമ്മിതികൾ പരിസ്ഥിതി സൗഹൃദമാക്കാനും നയത്തിൽ നിർദ്ദേശിക്കുന്നു.