തിരുവനന്തപുരം: മൂവാറ്റുപുഴ മുനിസിപ്പാലിറ്റി 13-ാം വാർഡ് കൗൺസിലറും കോൺഗ്രസ് അംഗവുമായ പ്രമീള ഗിരീഷ്‌കുമാറിനെ കൂറുമാറ്റനിരോധന നിയമപ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യയാക്കി. കൗൺസിലറായി തുടരുന്നതും മാർച്ച് ഏഴുമുതൽ ആറുവർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കിയിട്ടുണ്ട്. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് സമർപ്പിച്ച ഹർജികളിലാണ് നടപടി.
ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന പ്രമീള ഗിരീഷ്‌കുമാർ 2022 ആഗസ്റ്റ് ഒന്നിന് പാർട്ടിവിപ്പ് ലംഘിച്ച് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരായ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് 2022 ആഗസ്റ്റ് ഒന്നിനുണ്ടായ ഒഴിവിലേക്ക് വിപ്പ് ലംഘിച്ച് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തുവെന്നതുമായിരുന്നു പരാതികൾ. ഇത് കൂറുമാറ്റമായി കണക്കാക്കിയാണ് നടപടി.