
പോത്തൻകോട് : തടിപ്പണിശാലയിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തിയമർന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയായിരുന്നു. വാടക വീട്ടിലും അതിനോടു ചേർന്നുള്ള ഷീറ്റു മേഞ്ഞ ഷെഡിലുമായി സ്ഥാപിച്ചിരുന്ന ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന 25 വിവിധ മെഷീനറികളും തീനാളങ്ങളിൽ കത്തിയമർന്നപ്പോഴുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് നിർമ്മാണശാലയിൽ നിന്ന് വൻതോതിൽ തീനാളങ്ങളും കറുത്ത പുകയും ഉയർന്നു പൊങ്ങുന്നത് സ്ഥലവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ മംഗലപുരം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിന് കാരണം ഷോർട്ട് സർക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. നിർദ്ദന കുടുംബത്തിൽപ്പെട്ട തോന്നയ്ക്കൽ ചെമ്പകമംഗലം വിളയിൽ വീട്ടിൽ സുകുമാരനും മകൻ നെെജുവും വായ്പയെടുത്താണ് നിർമ്മാണ യൂണിറ്റ് പത്ത് മാസം മുമ്പ് വാടക വീട്ടിൽ സ്ഥാപിച്ചത്. ആവശ്യക്കാർ തടി വാങ്ങി കട്ടിളയും ജനലുകളും ഫർണിച്ചറുകളും പണിയാൻ ഏൽപ്പിക്കുമായിരുന്നു. രണ്ട് വീടുകൾക്കാവശ്യമായ തേക്കിലും മഹാഗണിത്തടിയിലുമായി നിർമ്മിച്ച കട്ടിളയും ജനലുകളുമുൾപ്പെടെയുള്ള ഉരുപ്പടികൾ തീപിടിത്തത്തിൽ കത്തിയമർന്നു. സമീപത്തെ ആറാേളം തെങ്ങുകളും കരിഞ്ഞുണങ്ങി. 10 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും ഉണ്ടായിരുന്ന ഷെഡ് പൂർണമായി കത്തി. വൃക്കരോഗിയായ സുകുമാരന്റെയും കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. മംഗലപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.