
നെടുമങ്ങാട് : കാമ്പസിന്റെ ഹൃദയമിടിപ്പായിരുന്ന വി.ജോയി വർക്കലയിലും ആറ്റിങ്ങലിലും ഇന്നലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ കസറി. ജോയ് അണ്ണനെത്തി എന്ന പറച്ചിലിൽത്തന്നെ വിദ്യാർത്ഥികൾക്ക് ആവേശം. സ്ഥാനാർത്ഥിയുടെ പരിവേഷമില്ലാതെ ചേർത്തണച്ചും സ്നേഹം പങ്കിട്ടും പഴയ വിദ്യാർത്ഥി - യുവജനനേതാവ് കലാലയങ്ങളിൽ നടത്തിയത് സൂപ്പർ എൻട്രി. അഞ്ച് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച എം.പി, നാടിന് എന്ത് ഗുണം ചെയ്തു ? എന്ന് രാഷ്ട്രീയമായൊരു ചോദ്യം കൂടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മടങ്ങിയത്.ഇതിനെ മുൻകൂട്ടിക്കണ്ട് പ്രതിരോധം തീർത്തതുപോലായി യു.ഡി.എഫ് സാരഥി അടൂർ പ്രകാശിന്റെ പ്രചാരണം. കരകുളത്ത് എം.പി ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച രണ്ടു റോഡുകളും പുതുതായി സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും ഇന്നലെ നാടിന് സമർപ്പിച്ചു. പണ്ടാരവിള - കെ.കെ.വി നഗർ, കരകുളം - യമുന നഗർ റോഡുകളും കീഴ്കല്ലയം, നീലമലതല,പ്ലാത്തറ ജംഗ്‌ഷനുകളിൽ ലൈറ്റുമാണ് ഉദ്‌ഘാടനം ചെയ്തത്. വിജയരാജ്, രാജേന്ദ്രൻ നായർ,സുകുമാരൻ നായർ, വിനോദ്, ലാലി തുടങ്ങി ഒരുപറ്റം കോൺഗ്രസുകാരും സ്ഥലവാസികളും സ്വീകരിക്കാനെത്തി. ഗുരുമന്ദിരത്തിന് സമീപം മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച എം.പിയെ അനുമോദിച്ച് എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് എ.മോഹൻദാസ്,ശാഖ പ്രസിഡന്റ് രതീഷ് കുമാർ, വൈസ് പ്രസിഡന്റ് ഷാജി തോപ്പിൽ,സെക്രട്ടറി സജികുമാർ,രക്ഷാധികാരി ശശിധരൻ,വാർഡ് മെമ്പർ ശ്രീകല,രജി എന്നിവർ രംഗത്തെത്തി.ആര്യനാട് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കവല സന്ദർശനം പൂർത്തിയാക്കി. വിതുര ശശി, കെ.എസ്.ശബരീനാഥൻ, ജലീൽ മുഹമ്മദ്, എൻ.ജയമോഹൻ,സി.എസ്.വിദ്യാസാഗർ, ഉഴമലയ്ക്കൽ ബാബു, ഉവൈസ് ഖാൻ,ജ്യോതിഷ് കുമാർ,എസ്.കെ.രാഹുൽ,അരുവിയോട് സുരേന്ദ്രൻ,ഇന്ദുലേഖ, സി.ആർ.ഉദയകുമാർ,മലയടി പുഷ്പാംഗദൻ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്ക് പൗരത്വ ബില്ലിനെതിരായ രാജ്ഭവൻ ധർണയിൽ പങ്കെടുത്തു, വൈകിട്ട് കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവൻഷനിലേക്ക് പോയി. നാളെ മണ്ഡലം കൺവെൻഷനുകൾ ആരംഭിക്കും. വി.ജോയിയുടെ അരുവിക്കര മണ്ഡലം കൺവെൻഷൻ ആര്യനാട് സി.പി.എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി,എ.എ. റഹിം,ജി.സ്റ്റീഫൻ, ആനാവൂർ നാഗപ്പൻ,വി.പി.ഉണ്ണികൃഷ്ണൻ,കെ.എസ്.സുനിൽകുമാർ, ഉഴമലയ്ക്കൽ വേണുഗോപാൽ,മീനാങ്കൽ കുമാർ,എം.എസ്.റഷീദ്, എൻ.ഷൗക്കത്തലി, മലയിൻകീഴ് ചന്ദ്രൻ, ആട്ടുകാൽ അജി, വി.വിജുമോഹൻ, ജെ.ലളിത,മൈലം സത്യാനന്ദൻ എന്നിവർ പങ്കെടുത്തു. ഇന്ന് നെടുമങ്ങാട് മണ്ഡലം കൺവെൻഷൻ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്‌ഘാടനംചെയ്യും.
ഇരട്ടറോളിൽ ഓടിനടന്ന്
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക തിരക്കുകൾക്കിടയിലും സാധാരണക്കാർക്കൊപ്പം തട്ടുകടകളിൽ ചായ കുടിക്കാനും പ്രവർത്തകർക്കൊപ്പം കവല സന്ദർശിക്കാനും എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ പരമാവധി ശ്രദ്ധിക്കുന്നു. ഗുരുവായൂർ എക്സ്‌പ്രസിന് കടയ്ക്കാവൂരിൽ സ്റ്റോപ്പ് അനുവദിച്ചത് എടുത്ത് പറയും. കേരളം എന്തു ചോദിച്ചാലും നൽകുന്ന മന്ത്രാലയമാണ് റെയിൽവേ എന്നും കേരളത്തിന്റെ റെയിൽ വികസനത്തിന് വകയിരുത്തിയ 2744 കോടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണെന്നും ചൂണ്ടിക്കാട്ടും.ഇന്നലെ രാവിലെ ആറ്റിങ്ങൽ കച്ചേരിനടയിൽ നാട്ടുകാർക്കൊപ്പം ചായ കുടിച്ചു.ഓട്ടോ തൊഴിലാളികളോടും ചുമട്ടു തൊഴിലാളികളോടും വോട്ട് തേടി. കിള്ളിക്കോട് എൻ.എസ്.എസ് ഹാളിൽ യുവ വോട്ടർമാരുമായി സംവദിച്ചു.ഉച്ചയോടെ മന്ത്രിയുടെ ഔദ്യോഗിക തിരക്കുകളുമായി കൊല്ലത്തേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ അരുവിക്കര മണ്ഡലത്തിൽ പൗര പ്രമുഖരെയും പുതു വോട്ടർമാരെയും നേരിൽക്കാണും.വൈകിട്ട് നഗരൂർ മുതൽ ആൽത്തറ വരെ പദയാത്ര നയിക്കും.