തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് യാഥാർത്ഥ്യം തിരിച്ചറിയാൻ പ്രയാസമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഈ അവസ്ഥയിലും പരമ്പരാഗതമായ മാദ്ധ്യമ പ്രവർത്തനം മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്‌മരണാർത്ഥം തിക്കുറുശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന 16ാമത് മാദ്ധ്യമ പുരസ്‌കാരങ്ങൾ അയ്യങ്കാളി ഹാളിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യസൂപ്പർ സ്റ്റാറായി കുതിക്കുകയാണ്. മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറും ബഹുമുഖപ്രതിഭയുമായിരുന്നു തിക്കുറിശ്ശിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷിന് മന്ത്രി സമർപ്പിച്ചു.മികച്ച ശാസ്ത്ര റിപ്പോർട്ടിനുള്ള പുരസ്‌കാരം കേരളകൗമുദി തൃശൂർ യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് കെ.എൻ.സുരേഷ് കുമാർ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ ബേബി മാത്യൂ സോമതീരം അദ്ധ്യക്ഷത വഹിച്ചു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ,​ ഗവൺമെന്റ് മുൻ സ്‌പെഷ്യൽ സെക്രട്ടറി കെ.സുദർശനൻ,​ ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർസുദർശൻ കാർത്തികപറമ്പിൽ,​ ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ,​ പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ,​ ജോയിന്റ് സെക്രട്ടറി ശശി ഫോക്കസ് ,​ പിന്നണി ഗായിക സരിത റാം തുടങ്ങിയവർ പങ്കെടുത്തു. സിംഫണി, വഴി വിളക്ക് എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.