general

ബാലരാമപുരം: പുതുതലമുറ വോട്ടർമാരെ ലാക്കാക്കി തലസ്ഥാനത്ത് പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ പടയോട്ടം. ഓരോ പഞ്ചായത്തിലും വാർഡ് തലത്തിൽ ശരാശരി പത്ത് പേരെങ്കിലും പുതിയ വോട്ടർമാരുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിനിടെ,വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ പ്രവർത്തനങ്ങൾ തകൃതിയായി മുന്നേറുന്നുമുണ്ട്. വികസനം മോദിയുടെ ഗ്യാരന്റിയെന്ന മുദ്രാവാക്യമുയർത്തി ബി.ജെ.പി ചെറുപ്പക്കാരെ സമീപിക്കുമ്പോൾ,വിശ്വപൗരൻ തരൂർ അനന്തപുരിയുടെ അമരക്കാരൻ എന്നതാണ് യു.ഡി.എഫ് ഉയർത്തുന്ന സന്ദേശം.അത്രമേൽ അരികത്തുണ്ട്, രവിയേട്ടൻ എന്നതാണ് എൽ.ഡി.എഫ് തലവാചകം. തൊഴിൽ രഹിതരെ സൃഷ്ടിക്കുന്നതാണ് കേന്ദ്ര നയമെന്നും യുവാക്കളെ ലക്ഷ്യമിട്ട് എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.കേന്ദ്ര വിരുദ്ധ ലഘുലേഖകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.പൗരത്വ ഭേദഗതി ബില്ല് ഓരോ വീട്ടിലും ചർച്ച ചെയ്യണമെന്ന് ഇടത്-വലത് മുന്നണികളുടെ ലഘുലേഖകളിൽ ആഹ്വാനം ചെയ്യുന്നു.സാമൂഹ്യസുരക്ഷ പെൻഷൻ കാമ്പെയിൻ ചെയ്യാൻ ബി.ജെ.പി കേന്ദ്രങ്ങൾ തയ്യാറെടുക്കവെയാണ് ഒരു മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയത്.വരും ദിവസങ്ങളിൽ കൂടുതൽ മൂർച്ചയേറിയ ആയുധങ്ങൾ തെരയുകയാണ് മുന്നണി പ്രവർത്തകരും നേതാക്കളും.മോദിയുടെ വികസനം എണ്ണിപ്പറഞ്ഞുള്ള ലഘുലേഖ വിതരണവും ഡിജിറ്റൽ വാൾ പ്രദർശനവും വ്യാപകമാണ്.എൽ.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ എസ്. എൻ ഓഡിറ്റോറിയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.കൺവെൻഷനിൽ സത്യൻ മുകേരി, മുൻ സ്പീക്കർ എം.വിജയകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.രതീന്ദ്രൻ, കെ.ആൻസലൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്. ആനന്ദകുമാർ, നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ, കെ.ആനന്ദകുമാർ, പാളയം രാജൻ, തമ്പാനൂർ രാജീവ്, കൊല്ലംകോട് രവീന്ദ്രൻ നായർ, പൂജപ്പുര രാധാകൃഷ്ണൻ, തോമസ് ഫെർണാണ്ടസ്, ആട്ടുകാൽ അജി, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ, എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി കൺവീനർ കൊടങ്ങാവിള വിജയകുമാർ, അരുമാനൂർക്കട ശശി, രാമപുരം ശ്രീകുമാർ, കെ.കെ.ശ്രീകുമാർ, ഡി.ആർ.വിനോദ്, പുന്നക്കാട് തുളസി തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ജി.എൻ.ശ്രീകുമാരൻ കൺവീനറായും ടി.ശ്രീകുമാർ ചെയർമാനുമായുള്ള 1001 അംഗ കമ്മിറ്റി രൂപീകരണവും നടന്നു. കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗത്തിൽ എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ,കെ.പി.സി.സി അംഗം വിൻസെന്റ് ഡി. പോൾ, കോളിയൂർ ദിവാകരൻ നായർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നൻ,സംസ്ഥാന കൗൺസിൽ അംഗം ശ്രീകുമാരൻ നായർ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചെക്കിട്ടവിള ജോണി, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വിഴിഞ്ഞം റസാഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ റഹ്മാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കരുകുളം വിജയകുമാർ, കോവളം ബ്ലോക്ക് പ്രസിഡന്റ് ഉച്ചക്കട സുരേഷ്, ഡി.സി.സി അംഗം പ്രഫുല്ല ചന്ദ്രൻ, ഡി.സി.സി സെക്രട്ടറിമാരായ വി.എസ്. ഷിനു, സി.എസ്. ലെനിൻ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കോവളം അനിമേഷൻ സെന്ററിൽ ഈ മാസം 22 ന് നടക്കും.ഇലക്ഷൻ കമ്മിറ്റി രൂപീകരണവും അന്നേദിവസം നടക്കും. മണ്ഡലം സമ്മേളനങ്ങൾ 25 ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.