കാട്ടാക്കട: കോട്ടൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളികളെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ മേലേമുക്ക് ചിറക്കോണം ഉഷ വിലാസത്തിൽ അജിത്(38), എരുമക്കുഴി രാജേഷ് ഭവനിൽ രാജേഷ്(41), മേലേമുക്ക് ചിറക്കോണം തെക്കുംകര പുത്തൻവീട്ടിൽ വി.മനു(38)എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ വികസനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച പ്രധാന റോഡിലെ തൂണുകൾ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ആര്യനാട് കെ.എസ്.ഇ.ബി സെക്ഷനിലെ കരാർ ജീവനക്കാരെ ആറ് പേരുള്ള സംഘമാണ് ആക്രമിച്ചത്. ബാക്കിയുള്ള പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഒരു മാസം മുമ്പ് ആര്യനാട് കോട്ടയ്ക്കകത്ത് ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.