1

പോത്തൻകോട്: ചരിത്ര പ്രസിദ്ധമായ പണിമൂല ദേവീക്ഷേത്രത്തിൽ 30 മുതൽ ഏപ്രിൽ 5 വരെ നടക്കുന്ന ദ്വിവത്സര സപ്തദിന ദേശീയോത്സവവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

ഘോഷയാത്ര ദിവസം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവ ഘോഷയാത്രയിൽ സുരക്ഷിതമായി ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷേത്രപരിസരത്തെത്തുന്ന കച്ചവടക്കാർക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരവും,കടകളുടെ ശുചിത്വവും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പുവരുത്തും.പൂർണമായും ഹരിതചട്ടം പാലിച്ചാണ് ഉത്സവം നടത്തുന്നത്.

നഗരസഭയുടെയും പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മുടക്കമില്ലാതെ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ വാട്ടർ അതോറിട്ടി നടത്തിയിട്ടുണ്ട്. ഉത്സവ മേഖലയിലെ തെരുവുവിളക്കുകൾ കത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡ് നവീകരണവും നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും.കണിയാപുരം,വെഞ്ഞാറമൂട്,ആറ്റിങ്ങൽ ബസ് സ്റ്റാൻഡുകളിൽ ഈ ബസുകളുടെ സമയക്രമമടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ,ജനപ്രതിനിധികൾ,ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനിൽ ജോസ്.ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.