
ശംഖുംമുഖം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച അരക്കോടിയോളം വിലവരുന്ന സ്വർണവും രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന വിദേശ സിഗരറ്റുകളും തിരുവനന്തപുരം വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ഡി.ആർ.ഐയും ചേർന്ന് പിടികൂടി. ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. സ്വർണം കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ സംഘം വിമാനത്താവളത്തിലെത്തി പ്രത്യേകാനുമതി വാങ്ങി ടെർമിനലിനുളളിൽ പ്രവേശിച്ചു. ലാൻഡിംഗിന് ശേഷം വിമാനം എയറോബ്രിഡ്ജിലേക്ക് കണക്ട് ചെയ്തപ്പോൾ യാത്രക്കാർ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് ഡി.ആർ.ഐയും കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്തിൽ കയറി യാത്രക്കാരെ നിരീക്ഷിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. മുഴുവൻ യാത്രക്കാരും പുറത്തിറങ്ങിയ ശേഷം വിമാനത്തിൽ നടത്തിയ പരിശോധനയിലാണ് 699.75 ഗ്രാം തൂക്കമുള്ള 24 ക്യാരറ്റിന്റെ സ്വർണക്കട്ടികൾ ടോയ്ലെറ്റിലെ കണ്ണാടിക്ക് പിറകുവശത്ത് ഒട്ടിച്ച നിലയിൽ കണ്ടത്തിയത്. ഇതിന് വിപണിയിൽ 45 ലക്ഷത്തോളം വിലവരും. ചൊവ്വാഴ്ച മസ്കറ്റിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസിൽ നിന്ന് 11.59 ലക്ഷത്തിന്റെ സ്വർണവും 12 ലക്ഷത്തോളം വിലമതിക്കുന്ന വിദേശ സിഗരറ്റുകളും പിടികൂടിയിരുന്നു.