മിനിമം നിരക്കിൽ മാറ്റമില്ല 10 കി.മീ. കഴിഞ്ഞാൽ 15 രൂപ

തിരുവനന്തപുരം: സിറ്റി സർക്കുലറിലെ ഇ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തി.പത്ത് രൂപ മിനിമം നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.ആദ്യത്തെ പത്ത് കിലോമീറ്റർ മിനിമം നിരക്കിൽ യാത്ര ചെയ്യാം.ഇതിൽ കൂടുതലായാൽ 15 രൂപ നൽകണം. നേരത്തെ 10 രൂപ ടിക്കറ്റിൽ ഒരു സർക്കുലർ മുഴുവൻ യാത്ര ചെയ്യാമായിരുന്നു. ഏകദേശം 15-19 കിലോമീറ്റർവരെ ദൂരമുള്ളതാണ് ഒരു സർക്കുലർ.
മന്ത്രിയായി കെ.ബി. ഗണേശ്കുമാർ സ്ഥാനമേറ്റതിന് പിന്നാലെ ഇ ബസുകളുടെ മിനിമം നിരക്ക് ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വി.കെ. പ്രശാന്ത് എം.എൽ.എ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയ പശ്ചാത്തലത്തിൽ നിരക്ക് വർദ്ധന ഉപേക്ഷിക്കുകയായിരുന്നു. എതിർപ്പ് അയഞ്ഞെന്ന ധാരണയിലാണ് ഇപ്പോൾ നിരക്ക് വർദ്ധിപ്പിച്ചത്. നഗരസഭയുടെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരമാണ് ഇ ബസുകൾ വാങ്ങിയത്.നഗരസഭ നിരക്ക് വർദ്ധനയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല.

സിറ്റി സർക്കുലർ ആരംഭിച്ച സമയത്ത് തീരുമാനിച്ചിരുന്ന നിരക്ക് പരിഷ്‌കരണമാണ് ഇപ്പോൾ നടപ്പാക്കിയതെന്നാണ് കെ.എസ്.ആർ.ടി.സി സ്വിഫ്ട് അധികൃതർ പറയുന്നത്. 30 രൂപയ്ക്ക് ദിവസം മുഴുവൻ യാത്ര ചെയ്യാൻ അനുവദിച്ചിരുന്ന ഗുഡ് ഡേ ടിക്കറ്റുകൾ ഒരുമാസം മുമ്പ് നിറുത്തിയിരുന്നു. 132 സിറ്റി സർക്കുലർ ബസുകളാണ് ഇപ്പോൾ ഓടുന്നത്.പുതിയ ഇ ബസുകൾ പോയിന്റ് ടു പോയിന്റ് ബസുകളായിട്ടാണ് ഓടിക്കുന്നത്. ഇവയ്ക്ക് സാധാരണ ബസിന്റെ നിരക്കാണ് ഈടാക്കുന്നത്. സിറ്റി സർക്കുലറാണെന്ന ധാരണയിൽ യാത്രക്കാർ കയറുമ്പോൾ തർക്കത്തിന് ഇടയാക്കുന്നുണ്ട്.