തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലവിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായ രണ്ടിടത്ത് ഇന്ന് അറ്റകുറ്റപ്പണി തുടങ്ങും. ഇതേതുടർന്ന് ഇന്നും നാളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങും.രാവിലെ 6ന് ആരംഭിച്ച് നാളെ രാത്രി പത്തോടെ പണികൾ പൂർത്തിയാക്കാനാണ് ജല അതോറിട്ടിയുടെ തീരുമാനം. രാത്രി തന്നെ പമ്പിംഗ് പുന:രാരംഭിക്കും. അരുവിക്കരയിൽ നിന്നും ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ടെക്നിക്കൽ സ്കൂളിനു മുന്നിലും തട്ടിനകം പാലത്തിനു സമീപവുമാണ് ചോർച്ച കണ്ടെത്തിയത്. 20 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകളാണ് ഇവ.