l

 വിക്ഷേപണം അടുത്ത വർഷം

 എൽ.ബി.എസിന്റെ വിജയം പ്രേരണ

തിരുവനന്തപുരം: 'സ്വന്തമായി ഒരു സാറ്റലൈറ്റ് നിർമ്മിക്കുക, ഐ.എസ്.ആർ.ഒ വിക്ഷേപിക്കുക..' സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. 'ബാർട്ടോസാറ്റ്' എന്നപേരിൽ ഒരു കുഞ്ഞൻ ക്യൂബ്സാറ്റ്, പേ ലോഡ് എന്നിവയാണ് നിർമ്മിക്കുക. രൂപരേഖ തയ്യാറാക്കലടക്കം അവസാന ഘട്ടത്തിലെത്തി. ഉടൻ നിർമ്മാണം തുടങ്ങും. കുറഞ്ഞ ഊർജത്തിലും ചെലവിലും ബഹിരാകാശ ദൃശ്യങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുകയാണ് ലക്ഷ്യം.

പൂജപ്പുര എൽ.ബി.എസ് വനിത എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച വീ-സാറ്റ് ഉപഗ്രഹം ജനുവരിയിൽ ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ചിരുന്നു. പിന്നാലെയാണ് ബാർട്ടൺഹിൽ വിദ്യാർത്ഥികളുടെ പ്രയത്നം. അദ്ധ്യാപകൻ അനീഷ് കെ.ജോൺ ആണ് നേതൃത്വം. നിർമ്മാണം പൂർത്തിയായശേഷം ഐ.എസ്.ആർ.ഒയ്ക്ക് കൈമാറും. അടുത്തവർഷം ആദ്യം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഓൺബോർഡ് കമ്പ്യൂട്ടർ വികസിപ്പിക്കുന്നത് ടെക്നോപാർക്കിലെ ഓസ്ട്രേലിയൻ സ്പെയ്സ് കമ്പനിയായ 'ഹെക്സ് 20'യുമായി സഹകരിച്ചാണ്. ധാരണാപത്രം ഈമാസം ഒപ്പിടും. വലിയമല ഐ.ഐ.എസ്.ടിയിലാകും നിർമ്മാണം.

ദൃശ്യങ്ങൾ പകർത്താൻ 'ലോറ'

ബഹിരാകാശ ദൃശ്യങ്ങൾ പകർത്തി അയയ്ക്കാൻ ഉപയോഗിക്കുന്നത് ലോറ (ലോംഗ് റേഞ്ച് ടെക്നോളജി) എന്ന വയർലെസ് സാങ്കേതികവിദ്യ

ലോകത്ത് ആദ്യമാണ് 'ലോറ' ഉപയോഗിച്ച് ബഹിരാകാശദൃശ്യങ്ങൾ പകർത്താനുള്ള ശ്രമം

സ്പെയിനിലെ ഒരു സർവകലാശാല ഉപഗ്രഹ വിക്ഷേപണത്തിന് ലോറ ഉപയോഗിച്ചെങ്കിലും ദൃശ്യങ്ങൾ പകർത്തിയിട്ടില്ല

ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരെയാവും വിക്ഷേപിക്കുക

പേലോഡിൽ ഘടിപ്പിക്കുന്ന ക്യാമറ ദൃശ്യങ്ങൾ പകർത്തി 'ലോറ' വഴി അയയ്ക്കും

40 വിദ്യാർത്ഥികൾ, 4 ലക്ഷം

കോളേജിലെ ടെക്യുപ്പ് ഫണ്ടിലൂടെ ലഭിച്ച നാല് ലക്ഷമാണ് പ്രവർത്തന മൂലധനം. രൂപരേഖ പൂർത്തിയായശേഷം കൂടുതൽ ഫണ്ടിനായി സർക്കാരിനെ സമീപിക്കും. മെക്കാനിക്ക്, ഇലക്ട്രോണിക്സ്, ഐ.ടി, ഇലക്ട്രിക്കൽ വിഭാഗങ്ങളിലെ 40 വിദ്യാർത്ഥികളാണ് നിർമ്മിക്കുന്നത്. മത്സര പരീക്ഷയിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. നാലാംവർഷ വിദ്യാർത്ഥികളായ രാഹുൽദാസ്,ഗോകുൽ എന്നിവർ ടീം ലീഡേഴ്സ്. പൂർവവിദ്യാർത്ഥിയും വി.എസ്.എസ്.സി ശാസ്ത്രജ്ഞനുമായ അസീംഷാ, ക്വാൽകോം എന്ന കമ്പനിയിലെ അശ്വിൻ എന്നിവരാണ് മാർഗ നിർദ്ദേശം.

കുഞ്ഞൻ ബാർട്ടോസാറ്റ്

ക്യൂബ്സാറ്റിന് 10 സെന്റിമീറ്റർ നീളം, വീതി, ഉയരം

വലിപ്പം കുറവായതിനാൽ അന്തരീക്ഷ മലിനീകരണവും കുറയും

നിർമ്മാണത്തിന് കുറഞ്ഞ സമയം മതി, ചെലവും കുറവ്

സോളാർ സെല്ലിലൂടെയാകും പ്രവർത്തനം

'ബാർട്ടൺഹിൽ സാറ്റലൈറ്റ്' എന്നതിന്റെ ചുരുക്കപ്പേരാണ് 'ബാർട്ടോസാറ്റ് '