g

അംഗത്വ വിതരണം തുടങ്ങി 36 മണിക്കൂറുകൾക്കകം 50 ലക്ഷം ആരാധകർ നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴക'ത്തിൽ ചേർന്നു! രണ്ടു കോടി അംഗങ്ങളാണ് ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും കൂറ്റൻ റാലി, പൊതുസമ്മേളനം... സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും മാസ് എൻട്രിക്ക് പശ്ചാത്തലമൊരുക്കാനുള്ള ശ്രമത്തിലാണ് പാർട്ടി ഭാരവാഹികൾ.

പൊതുസമ്മേളനത്തിൽ രാഷ്ട്രീയപാർട്ടിയുടെ നയപരിപാടി പ്രഖ്യാപിച്ച ശേഷം സംസ്ഥാനമൊട്ടാകെ പര്യടനം നടത്താനാണ് വിജയ്‌യുടെ പ്ലാൻ. 69-ാമത്തെ ചിത്രം പൂർത്തിയാക്കിയ ശേഷമാകും ജനമനസറിയാനുള്ള യാത്ര.

മധുരയിൽ നിന്ന് യാത്ര തുടങ്ങുമെന്നാണ് സൂചന. നിലവിലെ ഒരു പാർട്ടിയോടും അടുക്കാതെ മുന്നോട്ടു പോകാനാണ് തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന പര്യടനം നടത്തി തന്റെ ശക്തി തെളിയിക്കുകയാണ് ലക്ഷ്യം. പരമാവധി യുവജനങ്ങളെ കൂടെനിറുത്താൻ ശ്രമിക്കുമെന്നുറപ്പ്.

സൂപ്പർതാര പദവിയിലെത്തിയ ശേഷം തന്റെ ആരാധക സംഘത്തെ 2009-ലാണ് രാഷ്ട്രീയ ചുവയുള്ള, 'വിജയ് മക്കൾ ഇയക്ക'മായി മാറ്റിയത്. ഭരണപരമായ കെടുകാര്യസ്ഥതയും അഴിമതിയും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന 'വിഭജന രാഷ്ട്രീയ സംസ്‌കാരം' മറുവശത്തുമുള്ള അവസ്ഥയിലാണ് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതെന്നാണ് വിജയ് തന്റെ കത്തിലൂടെ വ്യക്തമാക്കിയത്. 'ഞാൻ രാഷ്ട്രീയത്തിലെത്തണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കും തടയാനാകില്ലെ'ന്നാണ് 2009-ൽ 'വിജയ് മക്കൾ ഇയക്കം' എന്ന തന്റെ ആരാധക സംഘം രൂപീകരിച്ചതിനു പിന്നാലെ വിജയ് പറഞ്ഞത്. അന്നു മുതൽ ഇതിനായുള്ള തയാറെടുപ്പുകൾ പലകോണിലായി നടന്നിരുന്നു.

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ,​' 'സിങ്കം സിംഗിളാ വരും' തുടങ്ങിയ മാസ് ഡയലോഗുകളിലൂടെ ഇപ്പോൾ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആരാധകരെ മോഹിപ്പിച്ച തലൈവർ രജനികാന്ത് സുരക്ഷിതമായി പിന്മാറിയിടത്തേക്കാണ് 'ദളപതി' നാ റെഡി താൻ... എന്ന പാട്ടും പാടി വിജയ് വരുന്നത്. വിജയ് എന്ന നടന്റെ ആട്ടവും പാട്ടും അടിയും,​ പഞ്ച് ഡയലോഗും സ്ലോമോഷൻ നടത്തവുമെല്ലാം കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച തമിഴക മക്കൾ,​ വിജയ് എന്ന രാഷ്ട്രീയക്കാരനെ സ്വീകരിക്കുമോ എന്നറിയാൽ കഷ്ടിച്ച് രണ്ടു വർഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പ് വരെ കാക്കണം. ജനപ്രതിനിധി എന്നതിനപ്പുറം മുഖ്യമന്ത്രി പദം തന്നെ വിജയ്‌യുടെ സ്വപ്നം. തമിഴ് സിനിമകളിൽ നായകനായും നി‌ർമ്മാതാവായുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഉദയനിധി സ്റ്റാലിൻ കാണുന്നതും അതേ കിനാവു തന്നെയാണ്!

മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എം.ജി.ആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ ജോസഫ് വിജയ്ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ മറ്റുള്ളവരുടെ അവസ്ഥ വരുമോ? തമിഴ്നാട് ഇങ്ങെടുക്കാമെന്ന ലക്ഷ്യത്തോടെ മക്കൾ നീതി മയ്യം രൂപീകരിച്ച ഉലകനായകൻ കമൽഹാസൻ ഇപ്പോൾ രാജ്യസഭാ സീറ്റിനു വേണ്ടി ഡി.എം.കെയുടെ പ്രചാരണപ്പണി ഏറ്റെടുത്തിരിക്കുകയാണ്. അഴിമതി രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചിരുന്ന കമലഹാസൻ സ്റ്റാലിനെതിരെ പൊതുവേദിയിൽ ആഞ്ഞടിച്ചിട്ട് അധികനാളൊന്നും ആയിട്ടില്ല.

ഈ ജൂണിൽ 50 വയസ്സ് തികയുന്ന വിജയ്, പ്രായം മാനദണ്ഡമാക്കിയാൽ ഏറ്റവും അനുയോജ്യമായ സമയത്താണ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതെന്ന് എല്ലാവരും സമ്മതിക്കും.

കഴിഞ്ഞ വർഷം മുതൽ കൃത്യമായ കരുനീക്കം നടത്തിയ വിജയ്,​ പൊതുപരിപാടികൾ സംഘടിപ്പിച്ചും രാഷ്ട്രീയ പ്രസ്താവനകളിലൂടെയും തമിഴ് രാഷ്ട്രീയത്തിന്റെ ചങ്കിടിപ്പേറ്റി. വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കിയാണ് പരിപാടികളേറെയും സംഘടിപ്പിച്ചത്. ഓരോ വേദിയിലും നിലവിലുള്ള പാർട്ടികളോടുള്ള തന്റെ അതൃപ്തി വളരെ വ്യക്തമായി പറഞ്ഞു. ആരാധകർ വിളിക്കുന്ന 'ദളപതി' (സേനാനായകൻ) എന്ന തന്റെ വിശേഷണത്തെയും രാഷ്ട്രീയമായി ഉയർത്തിക്കാട്ടി. 'ജനങ്ങൾ രാജാക്കന്മാരാണെന്നും അവരുടെ ആഗ്രഹം നിറവേറ്റേണ്ടത് സേനാനായകന്റെ ചുമതലയാണെന്നും വിജയ് ഈയിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ പറഞ്ഞിരുന്നു.

സിനിമകൾ വഴിയും അല്ലാതെയും വിവിധ അധികാര കേന്ദ്രങ്ങളുമായി നിരന്തരം കലഹിച്ചിരുന്നയാളാണ് വിജയ്. 'മെർസൽ' എന്ന ചിത്രത്തിലൂടെ ജി.എസ്.ടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു, തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നൽകുന്ന സൗജന്യ സമ്മാനങ്ങളെ വിമർശിച്ച 'സർക്കാർ' എന്ന ചിത്രം അന്നത്തെ അണ്ണാ ഡി.എം.കെ സർക്കാരിനെ അസ്വസ്ഥരാക്കി. ചിത്രം സർക്കാരിനെതിരാണെന്ന് പരാതിയുയർന്നതോടെ വിവാദ സംഭാഷണങ്ങൾ നീക്കം ചെയ്തു. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് ഗോസ്റ്റ് കാറിന് എൻട്രി ടാക്സ് ചുമത്തിയതായി ചൂണ്ടിക്കാട്ടി വിജയ് നൽകിയ ഹർജിയും അതിനെ കോടതി നിശിതമായി വിമർശിച്ചതുമെല്ലാം നടനെ വിവാദത്തിലാക്കിയിരുന്നു.

എം.ജി.ആറും

ജയലളിതയും

തമിഴ്നാട് രാഷ്ട്രീയത്തിൽ ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ നായകരിൽ ഒന്നാമൻ എം.ജി.ആറാണ്. നായികമാരിൽ ജയലളിതയും. ഡി.എം.കെ സ്ഥാപകൻ അണ്ണാദുരൈ അറിയപ്പെടുന്ന നാടക രചയിതാവായിരുന്നു. നാടകവും സംഗീതവും കലയുമെല്ലാം തമിഴ്നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചത് ഡി.എം.കെയായിരുന്നു. കരുണാനിധി തിരക്കഥയെഴുതി, എം.ജി.ആർ തകർത്തഭിനയിച്ച ഒട്ടേറെ ചിത്രങ്ങളിലൂടെ ദ്രാവിഡ ആശയങ്ങൾ ജനഹൃദയങ്ങളിലേയ്ക്ക് കുടിയേറി. പിന്നീട് രണ്ടു പേരും രണ്ട് ദ്രാവിഡ പാർട്ടികളുടെ നേതാക്കളായി പരസ്പരം പോരടിച്ചു!

ഡി.എം.കെയിൽ തുടങ്ങി തമിഴ് നാഷണൽ പാർട്ടിയിലും കോൺഗ്രസിലും രാഷ്ട്രീയ വേഷമിട്ട ശിവാജി ഗണേശൻ തമിഴക മുന്നേറ്റ കഴകമെന്ന സ്വന്തം പാർട്ടി തുടങ്ങി. എം.ജി.ആറിന്റെ മരണശേഷം നടന്ന 1989ലെ തിരഞ്ഞെടുപ്പിൽ, ശിവാജി ഗണേശനുൾപ്പെടെ പാർട്ടിയുടെ മത്സരിച്ച സ്ഥാനാർഥികളെല്ലാം തോറ്റു. എം.ജി.ആറിനു ശേഷം രാഷ്ട്രീയത്തിൽ കുതിപ്പ് നടത്തിയത് വിജയകാന്തായിരുന്നു ഡി.എം.ഡി.കെ എന്ന പാർട്ടി രൂപീകരിച്ച ശേഷം 2006ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 8,36% വോട്ട് നേടി. വിജയകാന്ത് നിയമസഭയിൽ എത്തി. അടുത്ത പ്രവശ്യം നേടിയത് 29 സീറ്റ്. വിജയകാന്ത് പ്രതിപക്ഷ നേതാവ്. പിന്നെ നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും ക്ലച്ച് പിടിച്ചില്ല. 2021ലെ തിരഞ്ഞെടുപ്പിൽ കിട്ടിയത് 0.43% വോട്ട്.

സമത്വമക്കൾ കക്ഷിയുമായി എത്തിയ ശരത്‌കുമാറിന്,​ ആദ്യ തിരഞ്ഞെടുപ്പിൽ (2011) ആദ്ദേഹമുൾപ്പെടെ രണ്ടു പേരെ നിയമസഭയിലെത്തിക്കാനായി. അടുത്ത തവണ ശര‌ത്‌കുമാർ തോറ്റു. ഇപ്പോൾ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു. നായിക നടിയായിരുന്ന ഖുശ്ബു ആദ്യം ഡി.എം.കെയിലും പിന്നെ കോൺഗ്രസിസിലും ഇപ്പോൾ ബി.ജെ.പിയിലുമാണ്. മറ്റൊരു നടി ഗൗതമി ബി.ജെ.പി വിട്ട് അണ്ണാ ഡി.എം.കെയിൽ ചേ‌ർന്നു. സംവിധായകനും നടനുമായ സീമാൻ 2006ൽ നാം തമിഴർ കക്ഷി രൂപീകരിച്ചു. തീവ്ര തമിഴ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി ഒരു മുന്നണിയിലും ചേരാതെ പ്രവർത്തിക്കുന്നു.

ഡി.എം.കെയിൽ പ്രവർത്തിച്ചിരുന്ന നടനും സംവിധായകനുമായ ടി. രാജേന്ദർ 1991ൽ ത്യാഗ മറുമലർച്ചി കഴകം പാർട്ടി സ്ഥാപിച്ചു. 1996ൽ പാർട്ടി ഡി.എം.കെയിൽ ലയിച്ചു. 2004ൽ രാജേന്ദർ ഡി.എം.കെ വിട്ട് അഖിലേന്ത്യാ ലച്ചിയ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർക്ക് ടൗൺ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം എ.ഐ.എ.ഡി.എം.കെയെ പിന്തുണച്ചു.