
സർവ ചരാചരങ്ങൾക്കും നന്മ ഉണ്ടാകേണമേ എന്ന് ആഗ്രഹിക്കുന്നത് പ്രാർത്ഥനയും, അത് പ്രവൃത്തിയിലൂടെ തെളിയിക്കപ്പെടുമ്പോൾ ആരാധനയുമായി മാറുന്നു
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം ആത്മസംസ്കരണമാണ് .ദീനുൽ ഇസ്ളാമിന്റെ നിർബന്ധമായ അഞ്ച് അനുഷ്ഠാനകർമ്മങ്ങളിൽ നാലാംസ്ഥാനത്ത് വ്രതാനുഷ്ഠാനത്തെ അടയാളപ്പെടുത്തിയിരിക്കുന്നു. വർഷത്തിൽ ഒരു മാസക്കാലം വ്രതാനുഷ്ഠാനം നിർവഹിക്കുന്നതിലൂടെ ഈ സംസ്‌കരണം സാദ്ധ്യമാകണമെന്നാണ് സ്രഷ്ടാവായ അല്ലാഹുവിന്റെ താത്‌പര്യം.
വിശുദ്ധ ഖുർആനിന്റെ അവതരണാരംഭം കുറിച്ച മാസമത്രെ വിശുദ്ധ റംസാൻ. വിശ്വാസികൾ ഈ മാസത്തിൽ പരിശുദ്ധ ഖുർആനുമായി അഭേദ്യമായ ബന്ധം സ്ഥാപിക്കുന്നു. ഖുർആൻ പഠനം, പാരായണം, ആശയവിനിമയം, പ്രബോധനം തുടങ്ങിയ മേഖലകളിൽ കൂടുതൽ ഇഴുകിച്ചേരുന്നു. മാനവിക സന്മാർഗ ദർശന ഗ്രന്ഥമായ ഖുർആൻ സംസാരിക്കുന്നത് മനുഷ്യഹൃദയങ്ങളോടാണ്. അടുക്കുന്തോറും അറിയുമ്പോഴും വിജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്ന ഗ്രന്ഥമാണ് അത്.
ഖുർആനിൽ നൈപുണ്യം സിദ്ധിച്ചിട്ടില്ലെങ്കിൽ സംശയങ്ങളും മൗഢ്യങ്ങളും മനുഷ്യനെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഖുർആന്റെ തണലിൽ ജീവിതം ചിട്ടപ്പെടുത്തുന്ന ഏതൊരു വ്യക്തിയും ഇഹപരവിജയി ആയിരിക്കുന്നതാണ്. എല്ലാ തലത്തിലുമുള്ള അരുതായ്‌കകളിൽ നിന്നുമുള്ള രക്ഷാകവചമാണ് ഖുർആൻ. മനസ്സിലുണ്ടാകുന്ന മാലിന്യങ്ങളെ ശുദ്ധീകരിക്കുവാൻ ഖുർആൻ പാരായണം സഹായിക്കുമ്പോൾ, ശരീരത്തെ അശുദ്ധപ്പെടുത്തുന്ന സംഗതികളിൽ നിന്ന് രക്ഷ നേടാനുള്ള ഏക പ്രതിവിധി വ്രതാനുഷ്ഠാനമാകുന്നു.
എല്ലാ നന്മകളുടെയും എന്നതു പോലെ സർവ തിന്മകളുടെയും കേന്ദ്രവും ഹൃദയമാകുന്നു. പ്രവാചക പ്രഭു പറഞ്ഞു: ''നിശ്ചയമായും മനുഷ്യശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അതിനെ ശരിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ മനുഷ്യൻ നന്നാവുകയുള്ളൂ. അതിനെ ദുഷിപ്പിക്കുമ്പോഴാണ് മനുഷ്യൻ മോശമായിത്തീരുന്നത്. അതത്രെ ഹൃദയം."
ചതി, വഞ്ചന, ചൂഷണം, മോഷണം, ദുഷ്ടത, അക്രമം, കൊള്ള, കൊലപാതകം, അസൂയ, കുശുമ്പ്, വെറുപ്പ്, പക, വിദ്വേഷം, പരദൂഷണം, പൊങ്ങച്ചം, അഹങ്കാരം, സ്വാർത്ഥത, കൈക്കൂലി, കരിഞ്ചന്ത, കൊള്ളലാഭം, പൂഴ്‌ത്തിവയ്ക്കൽ, മായം ചേർക്കൽ, കള്ളംപറയൽ, കാപട്യം, കപടവിശ്വാസം, അപരാധം, അപഹാസം, അപഖ്യാതി പ്രചരിപ്പിക്കൽ, അനീതി, അധർമ്മം ഇവയെല്ലാം മനസ്സിനെ അശുദ്ധപ്പെടുത്തുന്നവയും ദൈവകോപവും ശിക്ഷയും ക്ഷണിച്ചുവരുത്തുന്ന സംഗതികളുമാകുന്നു.
വർഷത്തിൽ ഒരു മാസക്കാലത്തെ വ്രതശുദ്ധി, അതിന്റെ ആചരണത്തിലും അനുഷ്ഠാനത്തിലും നിയമങ്ങൾ പാലിച്ച് നിർവഹിക്കുമെങ്കിൽ പങ്കിലമായ മനസ്സിനെ പാപരഹിതവും പരിശുദ്ധവുമാക്കി സ്രഷ്ടാവായ പടച്ചവന്റെ സാമീപ്യം കരസ്ഥമാക്കാൻ സാധിക്കുന്നതാണ്. നോമ്പു നോൽക്കുന്നതിലൂടെ സഹജീവികളോട് സഹാനുഭൂതിയും അനുകമ്പയും സ്നേഹവും സൗഹൃദവും പ്രകടിപ്പിക്കുവാനും, ഒപ്പം മറ്റുള്ളവർക്ക് വഴികാട്ടിയും സർവ സൃഷ്ടികൾക്കും താങ്ങും തണലുമാകാനും സാധിക്കുന്നില്ലെങ്കിൽ നോമ്പിന്റെ യഥാർത്ഥ ലക്ഷ്യമായ മനഃസംസ്‌കരണം നടന്നിട്ടില്ലെന്ന് മനസ്സിലാക്കണം.
മരുഭൂമിയിലെ തൂവൽ പോലെയാണ് മനുഷ്യഹൃദയം. കാറ്റിന്റെ ഗതിയനുസരിച്ച് അത് അകംപുറം മറിഞ്ഞുകൊണ്ടിരിക്കും. ഇപ്രകാരം ആടിക്കളിക്കുന്ന മനസ്സിനെ ദൈവചിന്തയിലൂടെ കടിഞ്ഞാണിട്ട് ശുദ്ധവിചാരം, സൽസ്വഭാവം, സദ്കർമ്മം എന്നിയിലൂടെ സന്മാർഗ പന്ഥാവിലേക്ക് എത്തിക്കുവാനുള്ള മാർഗമാകുന്നു,വിശ്വാസികൾക്ക് നോമ്പുകാലം. മുൻകാല ജീവിതത്തിലെ തെറ്റുകുറ്റങ്ങളെക്കുറിച്ച് ഖേദിച്ചും തെറ്റുകൾ തിരുത്തിയും വിടവുകൾ പരിഹരിച്ചും പ്രാർത്ഥിച്ചും പശ്ചാത്തപിച്ചും സ്രഷ്ടാവിനു മുന്നിൽ പാപങ്ങൾ ഏറ്റുപറഞ്ഞ് സൽജീവിതത്തിന് വഴിതെളിക്കാനുള്ള രക്ഷാകവചം കൂടിയാണ് റംസാൻ നോമ്പ്.
കഴിഞ്ഞുപോയ നോമ്പുകാലങ്ങളിലൂടെ എന്തു ചൈതന്യവും ജീവിത പരിവർത്തനവുമാണ് നേടാൻ സാധിച്ചതെന്നും ചിന്തിക്കണം. അതോ അത് വെറും പട്ടിണി അനുഷ്ഠിക്കൽ മാത്രമായിരുന്നോ? അത്തരം വീണ്ടുവിചാരത്തിന്റെയും അവസരമാണ് റംസാൻ. ആരാധന വെറും പ്രാർത്ഥനയല്ല. പ്രാർത്ഥനകൊണ്ടു മാത്രം ലോകത്ത് ഒരു നേട്ടവും ആർക്കും ലഭിക്കുന്നില്ല. പ്രവർത്തിച്ചുകൊണ്ടു മാത്രമേ എന്തും സാദ്ധ്യമാകുകയുള്ളൂ. പ്രവർത്തിക്കാനുള്ള അർത്ഥനയാണ് പ്രാർത്ഥന!
മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ അത് ഹൃദയത്തിൽ നിന്നായിരിക്കണം. ജനസേവനവും ജീവകാരുണ്യവും പരോപകാരങ്ങളും ആരാധനയായി മാറുന്നത് അതിന്റെ പേരിൽ ഒരു വാക്കുകൊണ്ടോ നോട്ടം നിമിത്തമോ ഒരാളും ദ്രോഹിക്കപ്പെടാതിരിക്കുമ്പോഴാണ്. അഖില ചരാചരങ്ങൾക്കും നന്മ ഉണ്ടാകേണമേ എന്ന് ആഗ്രഹിക്കുന്നത് പ്രാർത്ഥനയും, അത് പ്രവൃത്തിയിലൂടെ തെളിയിക്കപ്പെടുമ്പോൾ ആരാധനയുമായി മാറുന്നു. അപരനെ സഹായിക്കണം, അക്രമിയുടെ കൈപിടിക്കണം, മർദ്ദിതനെ മോചിപ്പിക്കണം, അനീതി തടയണം, സത്യത്തിനു വേണ്ടി നിലകൊള്ളണം, ഭരണാധിപൻ അക്രമിയായാൽ അരുത് എന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാവണം.... ഇതെല്ലാം വിശ്വാസിയെ കൂടുതൽ കരുത്തനും ദൈവപ്രീതിക്ക് വിധേയനുമാക്കാൻ സഹായിക്കുന്നവയാണ്.
മതത്തിന്റെ പേരിൽ മനുഷ്യൻ വരുത്തിയ വേർതിരിവുകളിൽ ദൈവത്തിനും മതത്തിനും യാതൊരു പങ്കുമില്ലെന്നതാണ് സത്യം. ദുഃഖിതരോടൊത്ത് ക്ളേശിക്കുക, അവരുടെ ദുഃഖമകറ്റാൻ യത്നിക്കുക. ചുമടു ചുമന്ന് ക്ഷീണിതനായ വയോവൃദ്ധ, തന്റെ ചുമട് തലയിലേക്ക് പിടിച്ചുതരുവാൻ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ തലയിൽ ചുമന്ന് കൊണ്ടുക്കൊടുത്ത പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായി ആകുവാനുള്ള യോഗ്യതയെപ്പറ്റിയുള്ള വീണ്ടുവിചാരത്തിനും ജീവിതമാറ്റത്തിനും വേണ്ടിയാണ് റംസാന്റെ പൊമ്പമ്പിളി ഉദിച്ചത്. പരിശുദ്ധ റംസാന്റെ അനുമോദനാശംസകളും പ്രാർത്ഥനാ പ്രണാമങ്ങളും നേർന്നുകൊള്ളുന്നു.
(കെ.എം.ജെ ഉലമ കൗൺസിൽ ചെയർമാൻ ആണ് ലേഖകൻ. മൊബൈൽ: 94005 51501)