s

ഇന്ത്യയ്ക്ക് ഇന്ന് ഒരു സവിശേഷ ദിനമാണ് എന്ന വിശേഷണത്തോടെയാണ് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് ചിപ്പ് നിർമ്മാണ കേന്ദ്രങ്ങൾക്ക് തുടക്കമിട്ടത്. ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ അവിഭാജ്യ ഘടകമായ ചിപ്പ് നിർമ്മാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ടാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഗുജറാത്തില ധോലേര, സാനന്ദ് എന്നിവിടങ്ങളിലും,​ അസാമിലെ മൊരിഗാവിലുമാണ് പ്ളാന്റുകൾ സ്ഥാപിക്കപ്പെടുക. നൂറു ദിവസത്തിനുള്ളിൽ ഈ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകും. സാങ്കേതികതയുടെ മുന്നേറ്റമാണ് ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. ആധുനിക ഇലക്ട്രോണിക്സിന്റെ മസ്‌തിഷ്‌കമായി പ്രവർത്തിക്കുന്ന ഘടകമാണ് സെമി കണ്ടക്ടറുകൾ. ലോകത്ത് സാങ്കേതികതയിൽ മറ്റു രാജ്യങ്ങളുമായി മത്സരിക്കാൻ ചിപ്പ് നിർമ്മാണത്തിലെ സ്വയംപര്യാപ്തത ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്.

ദേശീയ സുരക്ഷയ്ക്കും ആരോഗ്യ സുരക്ഷയ്ക്കും കമ്പ്യൂട്ടർ നിർമ്മാണത്തിനും തുടങ്ങി അസംഖ്യം സാങ്കേതിക ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നിർണായക യന്ത്രഭാഗമായി ഇത് വർത്തിക്കും. സെമികണ്ടക്ടറുകൾക്ക് വലിപ്പം തീരെ കുറവാണ്. മാത്രമല്ല,​ പ്രവർത്തിക്കുന്നതിന് വളരെ കുറവ് വൈദ്യുതോർജ്ജം മാത്രമേ ആവശ്യമുള്ളൂ. രാജ്യത്തിന്റെ വികസനത്തിന് ഗതിവേഗം പകരാൻ ഇതിന്റെ നിർമ്മാണം ഇടയാക്കും. ധോലേരയിൽ നിർമ്മിക്കുന്ന ചിപ്പുകൾ 2026-ൽ വിപണിയിലെത്തും. 2029-ഓടെ ഇന്ത്യ ചിപ്പ് നിർമ്മാണത്തിൽ അഞ്ചാമത്തെ ശക്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 പേർക്ക് നേരിട്ടും 60,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കാനും ഈ പ്ളാന്റുകളുടെ പ്രവർത്തനം ഇടയാക്കും. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലുമുള്ള മൈക്രോ ചിപ്പുകൾ, മൈക്രോ കൺട്രോളറുകൾ, കമ്പ്യൂട്ടർ പ്രോസസറുകൾ തുടങ്ങിയവയാകും നിർമ്മിക്കപ്പെടുക. വർഷങ്ങളായി ഇതെല്ലാം മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്താണ് ഇന്ത്യ ഉപയോഗിച്ചുകൊണ്ടിരുന്നത്.

അമേരിക്കയുടെ വളർച്ചയിൽ സെമികണ്ടക്ടറുകളുടെ കണ്ടുപിടിത്തവും നിർമ്മാണവും നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിന്റെ നിർമ്മാണത്തിലും ഡിസൈൻ രൂപപ്പെടുത്തുന്നതിലും ഗവേഷണത്തിലും ഇന്നും ഏറ്റവും മുന്നിൽ നിൽക്കുന്ന ലോക രാജ്യം അമേരിക്ക തന്നെയാണ്. ആഗോള മാർക്കറ്റിലെ സെമികണ്ടക്ടറിന്റെ വില്പനയുടെ പകുതിയും നിയന്ത്രിക്കുന്നത് അമേരിക്കൻ കമ്പനികളാണ്. താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്ത്യയ്ക്ക് ഇത് നിർമ്മിക്കാനാവും എന്നത് ആഗോള മാർക്കറ്റിൽ ഇന്ത്യൻ സെമികണ്ടക്ടറുകളുടെ സാദ്ധ്യത ഉയർത്തുന്ന ഘടകമായി മാറും. മാത്രമല്ല ഇന്ത്യയിലെ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്നവർ വിദേശങ്ങളിലേക്ക് കുടിയേറുന്നതിന്റെ പ്രധാന കാരണം സെമികണ്ടക്ടർ നിർമ്മാണം പോലുള്ള മേഖലകൾ ഇവിടെ കുറവാണ് എന്നതാണ്. ഇന്ത്യയിൽത്തന്നെ മികച്ച ശമ്പളത്തിൽ മികവുള്ള ജോലി പ്രദാനം ചെയ്യാനും ഈ മേഖലയുടെ വളർച്ച ഇടയാക്കും.

ചൈനയിൽ നിന്നാണ് ഇന്ത്യ ഇതുവരെ ഏറ്റവും കൂടുതൽ സെമികണ്ടക്ടറുകൾ ഇറക്കുമതി ചെയ്തിരുന്നത്. പ്രതിവർഷം ഏതാണ്ട് 27,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കേണ്ടിവന്നത്. ഭാവിയിൽ ചൈനയേക്കാൾ വില കുറച്ച് ഇന്ത്യയ്ക്ക് ഇത് വിൽക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ കയറ്റുമതി വരുമാനം വൻതോതിൽ കുതിച്ചുയരാൻ ഇടയാക്കും. കൊവിഡ് കാലത്തെ ക്ഷാമത്തിൽ നിന്നാണ് ചിപ്പ് മേഖലയിൽ സ്വയംപര്യാപ്തതയുടെ അനിവാര്യത ഇന്ത്യ മനസ്സിലാക്കിയത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊവിഡിനു ശേഷം ചൈനയുടെ പല നഷ്ടങ്ങളും ഇന്ത്യയുടെ നേട്ടങ്ങളായാണ് മാറിക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ മേഖലകളിലും സ്വയംപര്യാപ്തത ആർജ്ജിക്കുമ്പോഴാണ് ഏതൊരു രാജ്യവും സാമ്പത്തിക ശക്തിയായി വളരുന്നത്. ആ പാതയിലാണ് ഇന്ത്യ എന്നത് ഉറപ്പിക്കുന്നതാണ് സെമികണ്ടക്ടർ നിർമ്മാണശാലകൾ.