
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ വാതിൽപ്പടി സേവനങ്ങൾക്കായി ആരംഭിക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ്, സർജറി യൂണിറ്റ് എന്നിവയിൽ പിൻവാതിൽ നിയമനങ്ങൾക്ക് നീക്കം.
വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റൻഡർ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചെങ്കിലും എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്‌തു കാത്തിരിക്കുന്നവർക്ക് പരിഗണനയില്ല.
സംസ്ഥാനത്തെ പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ നൂറുകണക്കിന് ബി.വി.എസ് സി ബിരുദധാരികളാണ് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. താത്കാലിക നിയമനങ്ങളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, മൃഗസംരക്ഷണ വകുപ്പിലേക്ക് നേരിട്ട് അപേക്ഷ നൽകാനാണ് വിജ്ഞാപനം. ഇത് ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണെന്നാണ് ആരോപണം.
മൊബൈൽ വെറ്റിറനറി യൂണിറ്റ്, മൊബൈൽ സർജറി യൂണിറ്റ്, കോൾ സെന്റർ എന്നിവിടങ്ങളിലേക്ക് 184 ബി.വി.എസ് സി ബിരുദധാരികളെയാണ് ആവശ്യമുള്ളത്. ഡ്രൈവർ കം അറ്റൻഡർ തസ്തികയിലേക്ക് 168 ഒഴിവുകൾ. മൃഗസംരക്ഷണ വകുപ്പിന്റെയോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റിന്റെയോ വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ ഒൻപതാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.
താത്കാലിക ജീവനക്കാരെ ഒഴിവാക്കി എംപ്ലോയ്‌മെന്റിൽ നിന്നു നിയമനം നടത്തണമെന്ന് വിവിധ വകുപ്പ് മേധാവികൾ നിർദ്ദേശം നൽകുമ്പോഴാണ് മൃഗസംരക്ഷണ വകുപ്പ് മാത്രം ഇക്കാര്യം അറിയാതെ പോകുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് എംപ്ലോയ്‌മെന്റിൽ നിന്നു സീനിയോറിറ്റി പരിഗണിച്ചുള്ള നിയമനം നടത്തണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിട്ടത് രണ്ടു മാസം മുൻപാണ്.
ജനുവരിയിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരെ പരിഗണിക്കാത്തത് വിവാദമായിരുന്നു.