madhavan-nair

കൊല്ലം: സൗദി അറേബ്യയിൽ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂരിൽ നിന്ന് കൊട്ടിയം പേരയം തൃതിയിൽ സ്ഥിരതാമസമാക്കിയ മാധവൻ നായരാണ് (52)​ മരിച്ചത്.

2022 ജൂലായ് 12 മുതലാണ് മാധവൻ നായരെ കാണാതായത്. ഭാര്യ കവിത വിദേശകാര്യ മന്ത്രാലയത്തിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 28 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന മാധവൻ നായർ സ്വന്തമായി എ.സി മെക്കാനിക് സ്ഥാപനം നടത്തിയിരുന്നതിന് പുറമെ റിഗ്ഗിലെ കരാറും എറ്റെടുത്തിരുന്നു. ചിലപ്പോഴൊക്കെ ഓഫ് ഷോർ ആയിരിക്കും. തന്റെ സ്‌‌‌പോൺസർഷിപ്പിൽ നിന്ന് അനുമതിയില്ലാതെ മാധവൻനായർ മാറിപ്പോയെന്ന് സ്‌പോൺസറായ സൗദി പൗരൻ പരാതി നൽകിയതോടെ വിസാ ചട്ടലംഘനത്തിന് സൗദി പൊലീസ് നടപടി സ്വീകരിച്ചെങ്കിലും തിരോധാനം ഗൗരവമായി അന്വേഷിച്ചിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ഒക്‌ടോബർ 26ന് ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌പോൺസറുടെ പരാതി നിലനിൽക്കുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ നിയമ പ്രശ്‌നങ്ങളും നേരിട്ടു. തുടർന്ന് നവോദയ സാംസ്‌കാരിക വേദി പ്രവർത്തകനും സൗദിയിൽ നിന്നുള്ള ലോക കേരളസഭാംഗവുമായ നാസ് വക്കത്തിന്റെ ഇടപെടലിലാണ് മൃതദേഹം നാട്ടിലെത്തിക്കാൻ സാഹചര്യമൊരുങ്ങിയത്. ഇന്ന് രാവിലെ 8.30ന് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും.

മാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സ്ഥാപനവും സമ്പാദ്യവും ചിലർ തട്ടിയെടുത്തെന്നും ഭാര്യ ആരോപിച്ചു. കവിത മാധവ്, തൃതിക മാധവ് എന്നിവരാണ് മക്കൾ.