
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് 15 ദിവസം വിജയ് തിരുവനന്തപുരത്ത്. 17ന് രാത്രി 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന വിജയ് അവിടെ നിന്ന് താമസസ്ഥലമായ ഹോട്ടലിലേക്ക് പോകും.18ന് രാവിലെ എത്താനാണ് വിജയ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ രാവിലെ വിമാനത്താവളത്തിൽ ആരാധകരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യമായതിനാൽ തീരുമാനം ഇന്നലെ മാറ്റുകയായിരുന്നു.
കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലും തിരുവനന്തപുരത്തെ രണ്ട് വിമാനത്താവളങ്ങളിലും ഗോട്ടിന്റെ ചിത്രീകരണമുണ്ട്. ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സെറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്.പ്രഭുദേവ, പ്രശാന്ത്, അജ്മൽ, ജയറാം ഉൾപ്പടെ ഒട്ടുമിക്ക താരങ്ങളും ക്ളൈമാക്സ് ചിത്രീകരണത്തിൽ പങ്കെടുക്കുന്നുണ്ട്.
വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമായാണ് ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം(ഗോട്ട് )ഒരുങ്ങുന്നത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്. ഗോട്ടിൽ വിജയ് രണ്ടു ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്നേഹ, ലൈല, വി.ടി. വി ഗണേഷ്, പാർവതി നായർ തുടങ്ങി നീണ്ടതാരനിരയുണ്ട്. തെലുങ്ക് നടി മീനാക്ഷി ചൗധരി ആണ് നായിക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ഒരുക്കുന്നു. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.