gyanesh

തിരുവനന്തപുരം: സംസ്ഥാന ചീഫ്സെക്രട്ടറിയാവാൻ സീനിയോറിട്ടിയുണ്ടായിട്ടും വേണ്ടെന്നുവച്ച ഗ്യാനേഷ്‌കുമാറിനെ തേടിയെത്തിയത് രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന സുപ്രധാന പദവി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏറ്റവും വിശ്വതൻ,​ ഏല്പിച്ച കാര്യങ്ങൾ ഗംഭീരമായി നിർവഹിച്ചതിനുമുള്ള അംഗീകാരം.

1988 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ്. 2024 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലായിൽ ചീഫ് സെക്രട്ടിറി സ്ഥാനത്തു നിന്ന് ഡോ. വി.പി.ജോയി വിരമിച്ചപ്പോൾ സീനിയോരിട്ടിയിൽ മുന്നിലായിരുന്നു ഗ്യാനേഷ്. പക്ഷേ,​ കേരളത്തിൽ തിരിച്ചെത്താൻ താത്പര്യം കാട്ടിയില്ല. പാർലമെന്ററികാര്യ സെക്രട്ടറിയായിരുന്നു അന്ന്. തുടർന്നാണ് 1990 ബാച്ചിലെ ഡോ.വി.വേണുവിന് വഴിയൊരുങ്ങിയത്.

എറണാകുളം കളക്ടർ, മരാമത്ത്, നികുതി വകുപ്പുകളുടെ സെക്രട്ടറി തുടങ്ങി വിവിധ പദവികൾ ഗ്യാനേഷ്‌കുമാ വഹിച്ചിട്ടുണ്ട്. ഡൽഹിയിൽ കേരള ഹൗസിൽ റസിഡന്റ് കമ്മിഷണറുമായിരുന്നു. മലേഷ്യൻ കമ്പനിയായ പതിബെല്ലുമായി ചേർന്നുള്ള റോഡ് വികസനപദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്നു.

ഉത്തർപ്രദേശ് സ്വദേശിയായ ഗ്യാനേഷ് കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിടെക്കും ഹാർവാഡിൽ നിന്ന് ഇക്കണോമിക്സിൽ പി.ജിയും നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്.

ചുമതലകൾ കാശ്മീർ മുതൽ

രാമജന്മഭൂമി ട്രസ്റ്റ് വരെ

 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലായിരിക്കെ ജമ്മു-കാശ്മീർ ഡിവിഷൻ മേധാവിയായി അമിത് ഷാ നിയമിച്ചു. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്ന നടപടികൾ ഭംഗിയായി നിർവഹിച്ചു

 അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് സുപ്രീംകോടതി നിർദ്ദേശപ്രകാരം കൊണ്ടുവന്ന ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണച്ചുമതലയും ഗ്യാനേഷിനെയാണ് ഷാ ഏല്പിച്ചത്

അമിത്‌ ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയം സെക്രട്ടറിയായാണ് വിരമിച്ചത്. പാർലമെന്റ് പാസാക്കിയ സഹകരണ ഭേദഗതി ബിൽ തയ്യാറാക്കുന്നതിനും ഗ്യാനേഷ് നേതൃത്വം നൽകി

 കേന്ദ്രത്തിൽ ഡിഫൻസ് പ്രൊഡക്ഷന്റെ ചുതലയുള്ള പ്രതിരോധ വകുപ്പ് ജോയിന്റ് സെക്രട്ടറി, ഇന്റർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചു

 ഒടുവിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പൊതുതിരഞ്ഞെടുപ്പ് നടത്തുന്ന മൂന്നുപേരിൽ ഒരാൾ എന്ന അതിപ്രധാന ചുമതലയും കേന്ദ്രം ഗ്യാനേഷിന് നൽകിയിരിക്കുന്നു

ഗ്യാനേഷ് കുമാർ

കേരളത്തിൽ വിവിധ ചുമതലകൾ. 2016ൽ കേരള ഹൗസ് റസിഡന്റ് കമ്മിഷണറായിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. 2019ൽ അമിത്ഷായുടെ ആഭ്യന്തര മന്ത്രാലയത്തിൽ ജമ്മുകാശ്‌മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറി. 370-ാം വകുപ്പ് റദ്ദാക്കലിന് മേൽനോട്ടം. ജമ്മുകാശ്‌മീർ, ലഡാക്ക് ചുമതല. 2020ൽ അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട ഡസ്‌കിന്റെ ചുമതലയുള്ള അഡിഷണൽ സെക്രട്ടറി. രാമജന്മ ഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റ് രൂപീകരണചുമതല,

അമിത് ഷായുടെ സഹകരണ മന്ത്രാലയത്തിലും പാർലമെന്ററി മന്ത്രാലയത്തിലും സെക്രട്ടറിയായിരുന്നു. 2024 ജനുവരി 31-ന് വിരമിച്ചു. ഐ.ഐ.ടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയാണ്

സുഖ്ബീർ സന്ധു

2021-ൽ ഉത്തരാഖണ്ഡിൽ പുഷ്‌കർ സിംഗ് ധാമിയുടെ ബി.ജെ.പി സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ദേശീയ പാത അതോറിട്ടി അദ്ധ്യക്ഷനായും പാർലമെന്ററി മന്ത്രാലയത്തിൽ സെക്രട്ടറിയായും സേവനം. എം.ബി.ബി.എസിന് പുറമേ ചരിത്രത്തിൽ എം.എയും നിയമ ബിരുദവും.