
മുടപുരം: നാടിന്റെ ഹരിത ഭംഗിയായ കിഴുവിലം പഞ്ചായത്ത് ഹരിതകർമ്മ സേന അഞ്ചാം വയസിലേക്ക്. മാലിന്യ മുക്തമായ നാട് എന്ന സങ്കൽപ്പത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നതിന് രാപ്പകലില്ലാതെ കർമ്മ രംഗത്തുള്ള ഇവർ ചിട്ടയായ പ്രവർത്തനത്തിലൂടെ ജനസമ്മതി നേടി. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമസേനയിലെ 36 വനിതകളും ഒരു പുരുഷനും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. 2019 ൽ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 20 വാർഡുള്ള ഗ്രാമ പഞ്ചായത്തിനായി 20 അംഗങ്ങളെ ഹരിതകർമ്മ സേനയിലേക്ക് തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനവും യൂണിഫോമും നൽകി പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. ഇപ്പോൾ ഒരു വാർഡിനു രണ്ടുപേർ വീതം 36 വനിതകളും ഒരു പരുഷനുമുണ്ട്. തുടക്കത്തിൽ ചില്ലറ എതിർപ്പുകൾ ഉണ്ടായെങ്കിലും ഇപ്പോൾ നാട്ടുകാരുടെ പൂർണ സഹകരണം ഉണ്ടെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ പറഞ്ഞു.
 ഭാരമാകാതെ മാലിന്യക്കൂന
വീടുകളിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചെരുപ്പ് ,ബാഗ്, തെർമോക്കോൾ, കണ്ണാടി, കുപ്പി, ചില്ല് മാലിന്യങ്ങൾ, ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ എന്നീ പാഴ് വസ്തുക്കൾ ശേഖരണ കലണ്ടറിൽ പറയുന്ന മാസങ്ങളിൽ മുടക്കമില്ലാതെ ശേഖരിക്കും. ഇവർ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മിനി എം.സി.എഫിൽ കൊണ്ടിടും. അവിടെനിന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുള്ള സംഭരണ കേന്ദ്രത്തിൽ എത്തിക്കും. അവിടെനിന്ന് ക്ലീൻ കേരള കമ്പനിക്കോ പാണ്ടാസ് എന്ന കമ്പനിക്കോ മാലിന്യങ്ങൾ നൽകും. മാലിന്യങ്ങൾ മുടക്കം കൂടാതെ കൊണ്ടുപോകുന്നത് നാട്ടുകാർക്ക് ആശ്വാസമാണ്.
 സ്വയം തൊഴിൽ കണ്ടെത്തലിന്റെ ഭാഗമായി ഹരിതകർമസേന നടത്തുന്ന പദ്ധതി മുടക്കമില്ലാതെ തുടരുന്നു. തുടക്കത്തിൽ 2019 ൽ 1000 കിലോ മാലിന്യം ശേഖരിച്ചെങ്കിൽ ഇപ്പോൾ 4500 കിലോ മാലിന്യം ശേഖരിക്കുന്നു. പ്രതിമാസം 6000 മുതൽ 10000 രൂപവരെ ഇവർക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്.
 പരിമിതികളും ഏറെ
1.മാലിന്യ ശേഖരണ പ്രവർത്തനം സുഗമമായി നടത്തുന്നതിന് പഞ്ചായത്തിൽ ഒരു വാർഡിനു രണ്ട് എന്ന തരത്തിൽ 40 മിനി എം.സി.എഫ് സ്ഥാപിക്കണം. എന്നാൽ ഇവിടെ 20 എണ്ണമേ ഉള്ളൂ.
2.ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ഡംപ് ചെയ്യാനുള്ള പഞ്ചായത്ത് സംഭരണ കേന്ദ്രത്തിന് 1200 സ്ക്വയർ ഫീറ്റ് വിസ്തൃതിയേ ഉള്ളൂ.ഇത് തീരെ അപര്യാപ്തമാണ്. അതിനാൽ 2000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സംഭരണ കേന്ദ്രം ആവശ്യമാണ്.
3.മാസങ്ങൾക്കു മുൻപ് മലിന്യം കൊണ്ടുവരുന്നതിന് ഓട്ടോപിക്കപ്പ് നൽകിയെങ്കിലും ഉപയോഗപ്രദമല്ലാത്തതിനാൽ ഓട്ടോപിക്കപ്പ് ഉപഗോഗിക്കുന്നില്ല.