
തിരുവനന്തപുരം: ശുചിത്വമിഷന്റെ സഹകരണത്തോടെ നാഷണൽ സർവീസ് സ്കീം സംസ്ഥാനത്ത് നടപ്പാക്കുന്ന 'സ്നേഹാരാമം' പദ്ധതിക്ക് വേൾഡ് റെക്കോർഡ്സ് യൂണിയന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മൂവായിരത്തിലധികം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി, പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റിയ പദ്ധതിയാണിത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ അംഗീകാരപത്രവും മെഡലും കൈമാറി.
പട്ടയ വിവരശേഖരണം:
അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: 1977 ജനുവരി ഒന്നിനു മുമ്പുള്ള വനഭൂമിയിലെ കുടിയേറ്റക്കാർക്ക് ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകാനുള്ള വിവരശേഖരണ നടപടികൾ 30 വരെ നീട്ടി. വനം, റവന്യു വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷൻ നടന്ന ഇടങ്ങളിൽ ലിസ്റ്റിലില്ലാത്തവർ, ജോയിന്റ് വെരിഫിക്കേഷൻ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാർ, പല കാരണങ്ങളാൽ പട്ടയത്തിന് അപേക്ഷിക്കാത്തവർ തുടങ്ങി അർഹരായവർക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ അപേക്ഷ നൽകാമെന്ന് ലാൻഡ് റവന്യു കമ്മിഷണർ അറിയിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക്
16.31 കോടി അനുവദിച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ13,560സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഫെബ്രുവരി മാസത്തെ വേതന വിതരണത്തിനായി 16.31കോടി രൂപ അനുവദിച്ചു.13500രൂപയാണ് വേതനം.
പി.എം പോഷൺ അഭിയാൻ പ്രകാരം ഇതിൽ 200രൂപ കേന്ദ്രവിഹിതമായി കിട്ടും.ബാക്കി സംസ്ഥാനസർക്കാരാണ് നൽകുന്നത്.
പദ്ധതിയനുസരിച്ച് ഈവർഷം 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രൂപ അനുവദിച്ചു. പാചകച്ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
സ്പെഷ്യൽ ടീച്ചർമാർക്ക്
താങ്ങായി സുപ്രീംകോടതി
ന്യൂഡൽഹി : ഭിന്നശേഷി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന സ്പെഷ്യൽ ടീച്ചർമാരെ സ്ഥിരപ്പെടുത്താൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദ്ദേശം.
കരാർ ജോലി ചെയ്യുന്ന അദ്ധ്യാപകരുടെ കണക്ക് സമർപ്പിക്കണം. കരാർ ജോലി ചെയ്യുന്ന സ്പെഷ്യൽ ടീച്ചർമാരുടെ ഹർജികളിലാണ് ജസ്റ്റിസുമാരായ സി.ടി. രവികുമാർ, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ചിന്റെ നിർദ്ദേശം. ശമ്പള സ്കെയിൽ, എത്രകാലമായി കരാർ ജോലി ചെയ്യുന്നു, എത്ര സ്ഥിര തസ്തികകൾ നിലവിലുണ്ട് എന്നിവയും നാലാഴ്ച്ചയ്ക്കകം അറിയിക്കണം. സ്ഥിര തസ്തികകൾ കുറവാണെങ്കിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സ്വീകരിച്ച നടപടികളും വ്യക്തമാക്കണം.