loan

തിരുവനന്തപുരം: സംസ്ഥാനത്തിന് 3742കോടിയുടെ വായ്പ കൂടി എടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ സമ്മതിച്ച 13,609കോടിയിൽ ഉൾപ്പെട്ടതാണിത്.

ചൊവ്വാഴ്ച 5000കോടി എടുത്തിരുന്നു.ഇതോടെ മൊത്തം ലഭിച്ച വായ്പ 8742കോടിയായി. ശേഷിക്കുന്ന 4867കോടി വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലുള്ളതാണ്. അതിന് അനുമതി കിട്ടിയിട്ടില്ല.

19നാണ് 3742കോടി വായ്പയുടെ നടപടികൾ പൂർത്തിയാകുക. വായ്പാനിയന്ത്രണത്തിനെതിരെ കേരളം നൽകിയ കേസിൽ 21നാണ് വാദം. മാർച്ചിൽ തന്നെ ഇനിയും 19,370കോടിയുടെ വായ്പാനുമതി നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം.

വായ്പ ലഭിച്ചതോടെ ഡിസംബർ - ജനുവരിയിൽ ട്രഷറിയിൽ കെട്ടികിടക്കുന്ന ബില്ലുകൾ പാസാക്കാൻ ധനവകുപ്പ് അനുമതി നൽകി. നവംബറിന് ശേഷം ട്രഷറിയിൽ നിന്ന് ശമ്പളം,പെൻഷൻ, അത്യാവശ്യ കാര്യങ്ങൾ എന്നിവ ഒഴികെയുള്ള ബില്ലുകളൊന്നും പാസാക്കിയിരുന്നില്ല. ഇൗ രണ്ടുമാസങ്ങളിലെ ബില്ലുകൾ പാസാക്കാൻ മാത്രം 1303കോടി വേണം. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിചെലവുകൾ അടക്കമുള്ള ബില്ലുകളാണിത്. മരാമത്ത് കരാറുകാരുടെ ബില്ലുകൾ ഡിസ്കൗണ്ട് ചെയ്യുന്ന സംവിധാനത്തിലായതിനാൽ ഇതിൽ ഉൾപ്പെടില്ല. മുൻഗണനാക്രമത്തിലാണ് ബില്ലുകൾ പാസാക്കുക.