
ബാലരാമപുരം:കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെ തിരഞ്ഞെടുപ്പ് ആയുധമാക്കുകയാണ് ഇടതു വലത് മുന്നണികൾ.ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത വെറും കാഴ്ച്ചപാടല്ലെന്ന ആശയവുമായി ഇരുമുന്നണികളെയും നേരിടുകയാണ് ബി.ജെ.പി. പരസ്പരം പോർവിളിക്കുമ്പോഴും തിരഞ്ഞെടുപ്പ് പര്യടനത്തിൽ മൂവരും പിറകോട്ടല്ല. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് ഉച്ചക്കട ജംഗ്ഷനിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ നിർവഹിക്കും. എം.വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ തിരിഞ്ഞുപോലും നോക്കാത്ത എം.പിയാണ് ശശി തരൂരെന്നും എൽ.ഡി.എഫ് കോവളം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് ആന്റണി രാജു പറഞ്ഞു. കോൺഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ട് ഏജൻസിയാണെന്നും നേതാക്കൾ പ്രതികരിച്ചു.ഡോ. എ.നീലലോഹിത ദാസ് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എം.വിജയകുമാർ, മന്ത്രി ജി.ആർ. അനിൽ,സത്യൻ മൊകേരി, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, ജമീലാ പ്രകാശം, വെങ്ങാനൂർ ബ്രൈറ്റ്, കരുംകുളം വിജയകുമാർ, സഫറുള്ളഖാൻ, പാളയം രാജൻ, തമ്പാനൂർ രാജീവ്, വിഴിഞ്ഞം ജയകുമാർ, പാലപ്പൂര് സുരേഷ്, സുനിൽഖാൻ, ടി.എൻ. സുരേഷ്, റൂഫസ് ഡാനിയേൽ,വിജയമൂർത്തി, ലീൻ സേവ്യർ, രഘുനാഥൻ, കോവളം അജികുമാർ, മണ്ണക്കല്ല് സുരേഷ്, വെങ്ങാനൂർ ലോയ്ഡ്, ഭഗത് റൂഫസ് എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് കോവളം മണ്ഡലം കൺവീനർ പി.എസ്. ഹരികുമാർ സ്വാഗതവും കോളിയൂർ സുരേഷ് നന്ദിയും പറഞ്ഞു.
കുന്നത്തുകാൽ, പാറശാല ഗ്രാമപഞ്ചായത്തുകളിൽ കോളനികളിലായിരുന്നു കഴിഞ്ഞ ദിവസത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പര്യടനം. പാറശാല പഞ്ചായത്തിൽ പൊന്നംകുളം വാർഡിലെ മഞ്ചാടി പട്ടികജാതി കോളനിയിലെത്തിയ രാജീവ് ചന്ദ്രശേഖറിന് വീട്ടമ്മമാർ റെയിൽവേ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. പാലം യാഥാർത്ഥ്യമായാൽ മിനിട്ടുകൾക്കകം ദേശീയപാതയിലെത്താം. പാലം വരുന്നതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി. കുറുവാട് വാർഡിലെത്തി സി.എസ്.ഐ ചർച്ച് അധികൃതരെയും സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിച്ചു.