
തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുമായി സഹകരിച്ച് പ്രവർത്തിക്കുകയും ബ്രഹ്മോസ് മിസൈൽ നിർമ്മിക്കുകയും ചെയ്യുന്ന തലസ്ഥാനത്തെ ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിൽ സ്ഥിരനിയമനം പൂർണമായും നിറുത്തലാക്കി.
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബ്രഹ്മോസിന്റെ മറ്റ് നഗരങ്ങളിലുള്ള കമ്പനികളിൽ സ്ഥിരനിയമനം തുടരുമ്പോഴാണ് തലസ്ഥാനത്തെ സ്ഥാപനത്തിൽ ഈ നടപടി. ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു.
ഉയർന്ന തസ്തികകളിലെ നിയമനങ്ങളെല്ലാം ഫിക്സഡ് ടേം കോൺട്രാക്ട് (എഫ്.ടി.സി.) ആയാണ് ഇപ്പോൾ നടത്തുന്നത്. ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല . എക്സിക്യുട്ടീവ്, നോൺ -എക്സിക്യുട്ടീവ് തസ്തികകളിലെല്ലാം ആകെയുള്ള ജീവനക്കാരിൽ പകുതിയോളവും ഫിക്സഡ് ടേം കോൺട്രാക്ടിലുള്ളവരാണ്.
സംസ്ഥാന പൊതുമേഖലയിലായിരുന്ന സ്ഥാപനത്തെ കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. സമീപകാലത്താണ് നിയമനങ്ങളെല്ലാം ഫിക്സഡ് ടേം കോൺട്രാക്ട് അടിസ്ഥാനത്തിലേക്ക് മാറ്റിയത്. സ്ഥിരം ജീവനക്കാർക്കുള്ള പ്രതിഫലവും ആനുകൂല്യങ്ങളും എഫ്.ടി.സിക്കും ഉണ്ട്. സാമ്പത്തിക ബാദ്ധ്യത ഏറക്കുറെ സമാനമാണ്. കോൺട്രാക്ട് കഴിഞ്ഞ് ജോലി നഷ്ടപ്പെടുന്നതിനാൽ ഉയർന്ന സാങ്കേതിക യോഗ്യതകളുള്ളവർ അപേക്ഷിക്കാൻ മടിക്കുന്നതായി ജീവനക്കാർ പറയുന്നു. സ്ഥിരജോലിക്കായി ഇവർ മറ്റ് സ്ഥാപനങ്ങളിലേക്ക് പോവുകയാണ്. ശേഷിക്കുന്ന ടെക്നിക്കൽ, ഹെൽപ്പർ തസ്തികകളിലായി ജോലി ചെയ്യുന്ന 400 ഓളം കരാർ ജീവനക്കാരുമുണ്ട്.