photo

നെടുമങ്ങാട്: തുള്ളിവെള്ളത്തിനു വേണ്ടി കുടങ്ങളും ബക്കറ്റുകളുമായി കിണറ്റിൻചോട്ടിൽ നിര നിന്നിരുന്ന കാലം,​ നാട്ടിടവഴികളിലും കോളനി പ്രദേശങ്ങളിലും വെള്ളത്തിനു വേണ്ടി കലപില കൂട്ടിയത് ആരും മറക്കില്ല. പരിചയം പുതുക്കലും നാട്ടുവിശേഷങ്ങൾ പങ്കിടലുമൊക്കെ അക്കാലത്ത് കിണറ്റിൻ ചോട്ടിലായിരുന്നല്ലോ. പൊതുകിണറുകളുടെ ആവശ്യം തിരിച്ചറിഞ്ഞ് തദ്ദേശസ്ഥാപനങ്ങളും സർക്കാരും മുൻകൈയെടുത്ത് നാട്ടിലുടനീളം നിർമ്മിച്ച കിണറുകൾ പലതും ഇന്നു കാണാനേയില്ല. പൈപ്പ് ലൈനുകളും നൂതന ജലവിതരണ സംവിധാനങ്ങളും വന്നതോടെ പൊതുകിണറുകൾ എല്ലാവർക്കും ഒരധികപ്പറ്റായി. വാട്ടർ അതോറിട്ടിയുടെ പമ്പിംഗ് സ്കീമുകൾ ഒരുവേള പണിമുടക്കിയാൽ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥവരെ എത്തി. ഈ സാഹചര്യം മുന്നിൽക്കണ്ട് പൊതുകിണറുകൾ സംരക്ഷിക്കാൻ മാതൃകാപദ്ധതി ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പിലാക്കി വരികയാണ് ആനാട് ഗ്രാമപഞ്ചായത്ത്. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പല കിണറുകൾക്കും പുതുജീവൻ നൽകി. പാവപ്പെട്ട ജനവിഭാഗങ്ങൾ തിങ്ങിവസിക്കുന്ന കോളനികളിലും പൊതുസ്ഥലങ്ങളിലും നാമാവശേഷമായിക്കിടന്ന കിണറുകൾക്കാണ് അകാലമൃത്യുവിൽ നിന്ന് മോചനം ലഭിച്ചത്. ഒരു വാർഡിൽ ഒന്നിലധികം കിണറുകൾ പുനരുദ്ധരിച്ചിട്ടുണ്ട്.

**തിരിച്ചിട്ടപ്പാറ ചിറ ഏറ്റെടുക്കും

കിണറുകൾ ആഴം കൂട്ടി നീരുറവകൾ പുനരുജ്ജീവിപ്പിക്കും. മോട്ടോർ, ടാങ്ക്, ടാപ്പ് എന്നിവയും സ്ഥാപിക്കും. ഒരു ലക്ഷം രൂപയാണ് ഒരു കിണർ നവീകരിക്കാൻ ശരാശരി ചെലവിടുന്ന തുക. ഗുണഭോക്താക്കൾ എന്ന നിലയിൽ ചുറ്റുവട്ടത്തെ കുടുംബങ്ങൾ വൈദ്യുതി ബില്ല് ഒടുക്കണം. പതിന്നാല് ലക്ഷം രൂപയാണ് പൊതുകിണറുകളുടെ നവീകരണത്തിന് ഇതുവരെ ചെലവായത്. നീരുറവകൾ പാടേ വറ്റിവരളുന്ന കൊടുംവേനലിൽ പൊതുകിണറുകളെ പുനരുജ്ജീവിപ്പിക്കുന്ന നടപടി നാട്ടുകാർക്ക് ഏറെ ആശ്വാസകരമായിട്ടുണ്ട്. തിരിച്ചിട്ടപാറയുടെ താഴ്വാരത്തെ വലിയ ചിറ ഏറ്റെടുത്ത് പുനരുദ്ധരിക്കാനുള്ള ആലോചനയും പഞ്ചായത്ത് അധികൃതർ നടത്തിവരുന്നുണ്ട്. ശുദ്ധജല ലഭ്യതയോടൊപ്പം പ്രദേശത്തിന്റെ വിനോദ സഞ്ചാര സാദ്ധ്യതകളും പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നത്. ഒടുവിൽ നവീകരിച്ച ഉണ്ടപ്പാറ പൊതുകിണർ കഴിഞ്ഞ ദിവസം പ്രസിഡന്റ് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ ഇരിഞ്ചയം സനൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേങ്കവിള സജി തുടങ്ങിയവർ പങ്കെടുത്തു.