
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ വിധികർത്താക്കളുടെ പാനലിൽ, അഴിമതി നടത്തിയതിന് കരിമ്പട്ടികയിലായവരും ഉണ്ടായിരുന്നെന്ന വിവരം പുറത്തുവന്നു. കരിമ്പട്ടികയിൽപെട്ട ഒരു വിധികർത്താവിനോട് മത്സരാർത്ഥിയുടെ അമ്മ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.ഒന്നാംസ്ഥാനത്തിന് ഒന്നര ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 40,000 രൂപ എന്ന നിരക്കിൽ കൈക്കൂലി ആവശ്യപ്പെടുന്നതാണ് ശബ്ദസന്ദേശങ്ങളിലുള്ളത്. ഈ ശബ്ദസന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് കലോത്സവ പ്രോഗ്രാം കമ്മിറ്റി കൺവീനർ നന്ദൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്.
ഇത്തവണത്തെ കലോത്സവത്തിൽ വിധികർത്താക്കളെ തിരഞ്ഞെടുത്തത് ഒരു മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പാർട്ടിക്കാരായ ജീവനക്കാരാണ്. എസ്.എഫ്.ഐ ജില്ല കമ്മിറ്റിയെ അവഗണിച്ച് വിധികർത്താക്കളുടെ പാനൽ തയ്യാറാക്കിയത് സംസ്ഥാന കമ്മിറ്റിയായിരുന്നു. ഇത് കലോത്സവ നടത്തിപ്പിലും പ്രതിഫലിച്ചു. കലോത്സവത്തിന് മുന്നോടിയായി വിധികർത്താക്കളുടെ പട്ടിക വിജിലൻസിന് കൈമാറാറുണ്ട്. ഇത്തവണ അവസാന നിമിഷമാണ് ഈ ലിസ്റ്റ് സർവകലാശാല യൂണിയന് കിട്ടിയത്. അതോടെ കലോത്സവത്തിൽ വിജിലൻസ് ഇല്ലാതായി.